SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

കയർ ഫാക്ടറിയിൽ ഇപ്പോൾ വിളയുന്നത് ജൈവ പച്ചക്കറി

sfsfs

മുഹമ്മ: പന്ത്രണ്ടോളം കുടുംബങ്ങളുടെ ജീവിത മാർഗ്ഗമായിരുന്ന കയർ ഫാക്ടറി ഇപ്പോൾ ജൈവ പച്ചക്കറി തോട്ടമാണ്. മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ വായനശാലയ്ക്ക് സമീപം പേറ്റാട്ട് വെളി പി.വി.നടരാജനാണ് കയർ ഫാക്ടറി പച്ചക്കറി തോട്ടമാക്കി ജീവിത മാർഗം കണ്ടെത്തുന്നത്. ബാങ്കിൽ നിന്ന് സർക്കാർ പദ്ധതി പ്രകാരം 5 ലക്ഷം രൂപ വായ്പ എടുത്താണ് നടരാജൻ അഞ്ച് തറയിട്ടത്. കയർ പിരിക്കാരും പാവോട്ടക്കാരും നെയ്ത്ത് കാരും തയ്യൽക്കാരുമായി 12 ജോലിക്കാരും ഉണ്ടായിരുന്നു.രണ്ട് വർഷം മുമ്പു വരെ നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്നതിനാൽ ജീവിതം അല്ലല്ലിതാതെ മുന്നോട്ടു പോയി. സ്വകാര്യ കമ്പനികളുടെ ഓഡർ ആണ് ലഭിച്ചിരുന്നത്. എന്നാൽ,​ റബ്ബറൈസ്ഡ് തടുക്കിന്റെ വരവോടെ ഓഡർ പൂർണമായും നിലച്ചു. കർണ്ണാട്ടിക്ക് തടുക്ക്, ചുറ്റു തടുക്ക് തുടങ്ങിയ ജനപ്രീയ ഇനങ്ങളുടെ മരണമണിയും ഇതോടെ മുഴങ്ങി. അധികം താമസിയാതെ നടരാജനും ഭാര്യ വത്സലയും മക്കളായ ജിജിമോൾ, ജിനിമോൾ എന്നിവർക്കും ഫാക്ടറിയിലെ മറ്റു തൊഴിലാളികൾക്കും ജോലിയില്ലാതെയായി. ഇതിനകം മക്കളുടെ വിവാഹവും കഴിഞ്ഞു.

ഉപജീവനത്തിനായി വളർത്തിയിരുന്ന പശുക്കളെയും നഷ്ടം കാരണം വിറ്റു.

വായ്പ കുടിശ്ശിക വന്നതിനാൽ 2 ലക്ഷം സബ്സിഡി ഉണ്ടായിരുന്നത് കിട്ടിയില്ല. 4 ലക്ഷം അടച്ച് ബാങ്ക് വായ്പയിൽ നിന്ന് മോചനം നേടി നിൽക്കുമ്പോഴാണ് രണ്ടു വർഷം മുമ്പ് ജൈവ പച്ചക്കറി കൃഷിയെന്ന ആശയം മനസിലുദിച്ചത്. ഇതോടെ തറയും മറ്റുപകരണങ്ങളും ടിൻ ഷീറ്റും ആക്രിക്കാർക്ക് വിറ്റു. ഇവിടെ ഇപ്പോൾ പീച്ചിൽ, വെള്ളരി, പപ്പായ, പച്ചമുളക്, നെയ് കുമ്പളം,പയർ, പടവലം,ചീര, വെണ്ടയ്ക്ക,കപ്പ തുടങ്ങിയവ മത്സരിച്ച് വളരുകയാണ്. കൃഷിയിലൂടെ മാസം 5000 രൂപയോളം ലഭിക്കുന്നുണ്ട്. ഇതാണ് നടരാജന്റെ ഇപ്പോഴത്തെ ജീവിത മാർഗം. വീട്ടിലും കാവുങ്കൽ വായന ശാലയുടെ പച്ചക്കറി സ്റ്റാളിലുമാണ് പ്രധാന കച്ചവടം.

പൂർണ്ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി. കീടക്കെണി ഉപയോഗിക്കുന്നുണ്ട്. കൂടാതെ കരിയിലക്കിളി കൂട്ടത്തോടെ വന്ന് കീടങ്ങളെ കൊത്തി തിന്നുന്നതുകൊണ്ട് വലിയ കീട ബാധ കൃഷിയെ ബാധിക്കുന്നില്ലെന്ന് നടരാജൻ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL