
അമ്പലപ്പുഴ : ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിച്ച കേരള ടീമിന്റെ പരിശീലകസംഘത്തിൽ കളർകോട് സ്വദേശിയും. കളർകോട് കളരിക്കൽ രത്നവിഹാറിൽ റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആർ. രത്നകുമാറിന്റെയും മുൻ ഇന്ത്യൻ കബഡി താരവും സായി കോച്ചുമായ എം.രാഗിണിയുടേയും മകനായ റജീഷ് രത്നകുമാറാണ് (37) നാടിന് അഭിമാനമായത്. രഞ്ജിയിൽ കേരള ടീമിന്റെ അസി.കോച്ചായിരുന്നു റജീഷ്.
തിരുവമ്പാടി സ്കൂളിൽ പ്ലസ് ടു പഠന കാലത്താണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. പിന്നീട് എസ്.ഡി കോളേജിലെ പഠനകാലത്ത് പരിശീലനവും, കളിയും തുടർന്നു. ഡിഗ്രി പഠന ശേഷമാണ് കോച്ചിംഗിലേക്ക് തിരിഞ്ഞത്. കളിച്ച് മുന്നേറാൻ പറ്റുമോ എന്ന ആശങ്കയിൽ നിന്നാണ് പിന്നീട് പരിശീലകന്റെ റോൾ തിരഞ്ഞെടുത്തത്.
എ.രാജഹംസനാണ് കോച്ചിംഗിന്റെ ബാലപാഠം പകർന്നു നൽകിയത് . ആലപ്പുഴ സ്കൈലാർക്ക് ബി ക്ലബ്ബിലാണ് ആദ്യമായി പരിശീലകനായത്. .2011 ൽ ബി.സി.സി.ഐ നടത്തിയ ലെവൽ വൺ പരീക്ഷ പാസായി. തുടർന്ന് ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചായി. 2022 ൽ ബി.സി.സി.ഐയുടെ ലെവൽ ടു പരീക്ഷയും പാസായി. ജില്ലയിൽ ലെവൽ ടു പാസായ കോച്ച് റജീഷ് മാത്രമാണ് .
ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ.നവാസ്, പ്രസിഡന്റ് യു.മനോജ്, ട്രഷറർ സന്തോഷ് കുമാർ, കെ.സി.എ മുൻ സെക്രട്ടറി അഡ്വ.ശ്രീജിത്ത് വി.നായർ എന്നിവരുടെയും സഹായം തനിക്കുണ്ടായെന്ന് റജീഷ് പറഞ്ഞു.
കഴിഞ്ഞവർഷം അണ്ടർ 23 കേരള വിമൻസ് ടീമിന്റെ അസി. കോച്ചായി പ്രവർത്തിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഐ.ടി മിഷൻ ജീവനക്കാരി നിമിഷ യാണ് ഭാര്യ. മകൾ ഇഷ ചിന്മയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കേരള യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുള്ള ഇളയ സഹോദരൻ റിനീഷ് കുവൈറ്റ് ക്രിക്കറ്റ് ടീമിന്റെ സ്ട്രെംഗത്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |