
ആലപ്പുഴ: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കവേ, സപ്ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകൾ നെല്ലെടുക്കാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കൊയ്തെടുത്ത നെല്ലിൽ പതിര് അധികമാണെന്നും തൂക്കകുറവാണെന്നും ആരോപിച്ചാണ് മില്ലുകൾ സംഭരണത്തിന് വിസമ്മതിക്കുന്നത്. നെല്ല് കുത്തി അരിയാക്കുന്നതിന് മോഡേൺ മില്ലുകളില്ലാത്ത ആലപ്പുഴയിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 55 ഓളം മില്ലുകളെയാണ് നെല്ല് സംഭരണത്തിനായി സപ്ളൈകോ ചുമതലപ്പെടുത്തിയിട്ടുള്ളത്.
നൂറ് കിലോ നെല്ല് കുത്തിയാൽ 68 കിലോ അരി ലഭിക്കണമെന്നാണ് മില്ലുകാരുടെ കണക്ക്.പതിരുകൂടിയാൽ നെല്ലിന്റെ അളവിൽ വലിയ കുറവ് വരും. ഇത് മില്ലുകാർക്ക് നഷ്ടത്തിനിടയാക്കും. ഈ സീസണിൽ സംഭരിച്ച നെല്ലിൽ പതിരിന്റെ തോത് കൂടുതലാണെന്ന കാരണത്താലാണ് മില്ലുകാർ സംഭരണത്തിന് തയ്യാറാകാത്തത്.
പതിരിന്റെ പേരിൽ കർഷകരിൽ നിന്ന് പരമാവധി കിഴിവ് വാങ്ങാനാണ് മില്ലുകാരുടെ തന്ത്രം.നിലവിൽ രണ്ട് ശതമാനം (അതായത് ക്വിന്റലിന് രണ്ട്കിലോ) കിഴിവിൽ വരെ നെല്ല് നൽകാൻ കർഷകർ തയ്യാറാണ്. എന്നാൽ, അതിൽ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുകാർ സംഭരണത്തിന് വിസമ്മതിക്കുന്നത്.
അതേസമയം, നെല്ലേറ്റെടുക്കാതായിട്ടും വിഷയത്തിൽ ഇടപെടാൻ തയ്യാറാകാത്ത സപ്ളൈകോയുടെയും കൃഷി വകുപ്പിന്റെയും നടപടിക്കെതിരെ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിന് മുന്നിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ.
നെല്ലുണക്കാൻ യാർഡില്ല
1.ഗുണനിലവാരമില്ലാത്ത കൊയ്ത്ത് മെഷീനുകളാണ് പതിര് വർദ്ധിക്കാൻ കാരണമെന്നാണ് കർഷകരുടെ ആക്ഷേപം.മെതിക്കുന്ന സമയത്ത് മെഷീനിൽ നിന്ന് പതിരടിച്ച് കളയുന്ന സംവിധാനമുണ്ട്. എന്നാൽ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴഞ്ചൻ മെഷീനുകളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്
2.ചമ്പക്കുളം, രാമങ്കരി, തകഴി തുടങ്ങിയ പ്രദേശത്തെ പാടശേഖരങ്ങളിൽ
നെല്ല് ടാർപോളിനിൽ വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. കർഷകർക്ക് അതുണക്കാനും ഈർപ്പം തട്ടാതെ സൂക്ഷിക്കാനും യാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുട്ടനാട്ടിൽ ഇല്ല
3.ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനമുള്ള സ്ഥലങ്ങൾ കേന്ദ്രമാക്കി നെല്ല് നിരത്തി ഉണക്കാനും വാരി സൂക്ഷിക്കാനുള്ള യാർഡും സംഭരണ കേന്ദ്രങ്ങളും കൃഷി വകുപ്പോ സപ്ളൈകോയോ സജ്ജമാക്കേണ്ടതുണ്ട്
4. ആധുനിക സംവിധാനങ്ങളോടെയുള്ള മിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഒന്നോ രണ്ടോ മില്ലുകൾ സർക്കാർ ആരംഭിക്കുകയും മുഴുവൻ നെല്ലും നേരിട്ട് സംഭരിച്ച് അരിയാക്കി വിതരണം ചെയ്യുകയും ചെയ്താൽ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനാകും
നെല്ല് സംഭരണ
മില്ലുകൾ: 55
മില്ല് ഉടമകളും ഏജന്റന്മാരും ഉദ്യോഗസ്ഥരുമായി ചേർന്ന് കർഷകരെ പിഴിഞ്ഞ് കിഴിവ് ആവശ്യപ്പെടുകയാണ്. ഇതിനെതിരെ നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, നാളെ രാവിലെ 9ന് മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ നെൽകർഷകരുടെയും സഹകരണത്തോടെ പ്രതിഷേധ കുടുംബ കൂട്ടായ്മ സംഘടിപ്പിക്കും
- നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |