ആലപ്പുഴ: കാൽനടയാത്രക്കാരെ കൂസാതെ സീബ്രാലൈനിലൂടെ അതിവേഗത്തിൽ പായുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയപാത നവീകരണം നടക്കുന്നതിനിടെ അപകട സാദ്ധ്യത കണക്കിലെടുത്ത് മോട്ടർവാഹന വകുപ്പ് എൻഫോഴ്സമെന്റിന്റെയും ജോയിന്റ് ആർ.ടി.ഒ മാരുടെയും നേതൃത്വത്തിലാണ് പരിശോധന. സീബ്രാലൈൻ മുറിച്ച് കടക്കാൻ യാത്രക്കാർ ശ്രമിക്കുന്നത് കണ്ടാൽ മുന്നിലുള്ള സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തി യാത്രക്കാർ പോകുന്നതു വരെ കാക്കണമെന്ന് ചട്ടം പലപ്പോഴും പാലിക്കാറില്ല. കാൽനടക്കാർ സീബ്രാക്രോസിംഗിൽ പകുതി ദുരമെത്തുമ്പോഴേക്കും വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് പതിവാണ്. നിറംമങ്ങിയതിനാൽ സീബ്രാ ലൈനുകൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. പരിചയക്കുറവുള്ള ഡ്രൈവർമാർ സീബ്രാ ലൈൻ കാണതെ പോകുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. സ്കൂൾ, ആരാധനങ്ങൾ, ആശുപത്രി തുടങ്ങിയവയുടെ പരിസരത്തു പോലും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാത്ത അവസ്ഥയാണ്.
പിഴ പിന്നാലെ വരും
സീബ്രാലൈനിൽ അമിത വേഗതയിൽ പായുന്ന വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന പ്രായോഗികമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കേസ് കോടതിയിൽ സമർപ്പിക്കും. നോട്ടീസ് ലഭിക്കുമ്പോൾ പിഴ കോടതിയിൽ ഒടുക്കണം. വാഹന കൈമാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് എടുക്കൽ എന്നിവയ്ക്ക് പിഴ അടയ്ക്കാതെ കഴിയില്ല.
സ്വയം സുരക്ഷ
ഉറപ്പാക്കണം
#ട്രാഫിക് സിഗ്നൽ അനുവദിക്കുന്ന സമയത്ത് മാത്രം റോഡ് മുറിച്ചു കടക്കുക
#മൊബൈൽഫോണിൽ സംസാരിച്ച് അലക്ഷ്യമായി റോഡ് മുറിച്ച് കടക്കരുത്
#വേഗത്തിൽ വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തിയശേഷമേ റോഡ് മുറിച്ചു കടക്കാവൂ
#റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പ് ഇരു ദിശയിൽ നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |