SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

രാജേഷിന്റെ ഇഫ്ത്താർ വിരുന്നിന് സാഹോദര്യത്തിന്റെ രുചി

nrc-rajesh

മാന്നാർ: റംസാൻ വ്രതശുദ്ധിയുടെ പുണ്യ ദിനത്തിൽ മാന്നാർ പുത്തൻ പള്ളിയിൽ വിശ്വാസികൾക്ക് മുന്നിൽ കുരട്ടിശ്ശേരി ലക്ഷ്മി ഭവനത്തിൽ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ നിറഞ്ഞത് സാഹോദര്യത്തിന്റെ രുചിയായിരുന്നു. റംസാൻ നോമ്പ് ആറിനായിരുന്നു മാന്നാർ എൻ.ആർ.സി സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് കുമാർ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിലും അതിന്റെ അനുബന്ധമായുള്ള കുരട്ടിക്കാട് ജുമാ മസ്ജിദിലും ഇഫ്ത്താർ വിരുന്നൊരുക്കിയത്. അഞ്ഞൂറ്റിഅമ്പതോളം പേർക്കുള്ള ഭക്ഷണമായിരുന്നു തയ്യാർ ചെയ്തിരുന്നത്. ഈന്തപ്പഴം, ഓറഞ്ച്, മുന്തിരി, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും ശീതളപാനീയവും ചായയും ഔഷധ ഗുണമുള്ള നോമ്പുകഞ്ഞിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഓരോരുത്തർക്ക് മുന്നിലും നിരന്നപ്പോൾ നോമ്പുകാരുടെ മനം നിറഞ്ഞു. മഗ്‌രിബ് നിസ്കാരശേഷം ബിരിയാണിപ്പൊതിയും വിതരണം ചെയ്താണ് രാജേഷ് മടങ്ങിയത്. രാജേഷ്കുമാറും ബന്ധു ഓമനക്കുട്ടനും മാന്നാർ പുത്തൻപള്ളിയിലും രാജേഷിന്റെ പിതൃസഹോദരൻ എൻ.ആർ.എസ് പിള്ളയും മറ്റൊരു പിതൃസഹോദരന്റെ പുത്രനായ ലക്ഷ്മണനും കുരട്ടിക്കാട് ജുമാ മസ്ജിദിലും ഇഫ്ത്താർ വിരുന്നിൽ സംബന്ധിച്ചു.

# ഒന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യം

എൻ.ആർ.സി രാജേഷ് കുമാറിന്റെ പിതാവ്, സൗദിയിൽ ബിസിനസ് നടത്തിയിരുന്ന പരേതനായ രാമചന്ദ്രൻനായർ പകർന്ന് നൽകിയതാണ് സാഹോദര്യത്തിന്റെ ഇഫ്ത്താർ വിരുന്ന്. പതിനഞ്ച് വർഷത്തെ പ്രവാസജീവിതത്തിൽ രാജേഷ്, പിതാവിനും പിതൃസഹോദരങ്ങൾക്കുമൊപ്പം റംസാനിലെ പുണ്യദിനമായ ലൈലത്തുൽഖദ്ർ അഥവാ നിർണയരാവായ നോമ്പ് 26ന് എല്ലാ വർഷവും നോമ്പ് നോൽക്കുകയും സമീപത്തുള്ളവർക്കെല്ലാം സാഹോദര്യത്തിന്റെ ഇഫ്താർ വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. അതിന് ഇന്നും മുടക്കം വരുത്തിയിട്ടില്ലെന്ന് രാജേഷ് പറയുന്നു. ഇവിടെ ആദ്യമായിട്ടാണ് ഇങ്ങനെ വിപുലമായ രീതിയിൽ ഇഫ്ത്താർ വിരുന്നൊരുക്കിയത്.

#അയ്യപ്പന്റെ തിരുസേവകൻ

എല്ലാ മാസവും ശബരിമലയിൽ അയ്യപ്പദർശനം നടത്താറുള്ള എൻ.ആർ.സി രാജേഷ് വാവരെ കാണുന്നതിനും മുടക്കം വരുത്താറില്ല. അയ്യപ്പന്റെ തിരുവാഭരണഘോഷയാത്രയെ എല്ലാവർഷവും അനുഗമിക്കുകയും ഓരോ മണ്ഡലകാലം കഴിയുമ്പോഴും ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യാറുള്ള രാജേഷ് അഖിലഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ ട്രഷറർ കൂടിയാണ്. മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 18 വർഷമായി ശിവപഞ്ചാക്ഷരീ മന്ത്ര ലേഖനയജ്ഞം നടത്തുകയും അവ അർച്ചന നടത്തി സമുദ്രത്തിൽ നിമഞ്ജനം ചെയ്യുന്നതിനും നേതൃത്വം കൊടുക്കുന്നതും രാജേഷാണ്. രഞ്ജു ആർ.കുറുപ്പാണ് ഭാര്യ. ഗൗരിപ്രിയ, അയ്യപ്പൻ, ലക്ഷ്മിപ്രിയ എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL