SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ഓട്ടോകളിൽ ഫെയർ മീറ്റർ............... സർക്കുലർ നടപ്പാക്കാത്തതിൽ തൊഴിലാളികൾക്ക് ആശ്വാസം

ആലപ്പുഴ : സംസ്ഥാനത്ത് എല്ലാ ഓട്ടോറിക്ഷകളിലും ഫെയർ മീറ്റർ നിർബന്ധമാക്കണമെന്ന സർക്കുലർ നടപ്പാക്കേണ്ടെന്ന മോട്ടോർ വാഹന വകുപ്പ് തീരുമാനം തൊഴിലാളികൾക്ക് ആശ്വാസമായി. സർക്കുലറിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഫെയർ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ, യാത്ര സൗജന്യമെന്ന ബോർഡ് ഓട്ടോയിൽ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പ് നിർദ്ദേശമാണ് വിവാദമായത്.

കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സർക്കുലർ ഉടൻ നടപ്പാക്കേണ്ടെന്ന ധാരണയിൽ എത്തിയത്.

യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കാത്തതും ഫെയർ മീറ്റർ ഘടിപ്പിക്കാത്തതുമായ ഓട്ടോകളെ ഫിറ്റ്നസ് ടെസ്റ്റിൽ അയോഗ്യരാക്കുമെന്നും പിഴ ചുമത്തുമെന്നുമാണ് ഗതാഗത വകുപ്പ് കമ്മിഷണർ നേരത്തേ ഇറക്കിയ സർക്കുലറിലുണ്ടായിരുന്നത്.

2004 ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്തെ മുഴുവൻ ഓട്ടോകളിലും ഫെയർ മീറ്റർ നിർബന്ധമാക്കിയത്. ആദ്യം കോർപറേഷനിലും പ്രധാന നഗരസഭാപരിധിയിലും മാത്രമായിരുന്നു നിർബന്ധം. ഇത് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ഇപ്പോഴത്തെ നീക്കം.

ഗ്രാമങ്ങളിൽ റിട്ടേൺ ട്രിപ്പിൽ നഷ്ടം

 റിട്ടേൺ ട്രിപ്പ് കിട്ടാത്ത ഗ്രാമപ്രദേശങ്ങളിൽ മീറ്റർ ചാർജ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് തൊഴിലാളികൾ

 പ്രദേശങ്ങളുടെ പ്രത്യേകതക്കനുസരിച്ച് ഉത്തരവിൽ മാറ്റം വരുത്തണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം

 ജില്ലയിൽ ആകെയുള്ള കാൽലക്ഷത്തോളം ഓട്ടോകൾക്ക് ഒറ്റയടിക്ക് ഫെയർ മീറ്റർ നിർബന്ധമാക്കുക പ്രായോഗികമല്ല

 ഗ്രാമപ്രദേശങ്ങളിൽ വൺസൈഡ് ചാർജ് ഈടാക്കിയശേഷം തിരികെ വരുമ്പോൾ യാത്രക്കാരെ ലഭിച്ചില്ലെങ്കിൽ സർവീസ് നഷ്ടമാകും

ജില്ലയിൽ പാസഞ്ചർ ഓട്ടോകൾ

25,000

(ഏകദേശ കണക്ക്)

"ഓട്ടോകളിൽ ഫെയർ മീറ്റർ നിർബന്ധമാക്കുന്ന സർക്കുലർ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. ഫെയർ മീറ്റർ ഘടിപ്പിക്കുന്നതിന് എതിരല്ല . പക്ഷേ ന്യായമായ വേതനം ലഭിക്കുന്നതിനു സാഹചര്യം ഉറപ്പാക്കണം

- പി.മധു, ഓട്ടോറിക്ഷ തൊഴിലാളി, ജില്ലാകോടതിപാലം

" കൂട്ടായ പ്രതിഷേധംഫലം കണ്ടു. മോട്ടോർ വാഹന വകുപ്പിന്റെ സർക്കുലർ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

- എം.ഗിരീഷ്, ഓട്ടോറിക്ഷ തൊഴിലാളി

ഫെയർ മീറ്റർ ഗ്രാമപ്രദേശങ്ങളിൽ ഏർപ്പെടുത്തുന്നതിന് മുമ്പ് പൊതുജനങ്ങളെ ബോധവത്കരിക്കണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഓട്ടോ സ്റ്റാന്റുകൾ പുനക്രമീകരിച്ച് നൽകണം

- ജെ.മനോജ്, ജില്ലാ പ്രസിഡന്റ്, ഓട്ടോറിക്ഷ മസ്ദൂർ സംഘ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL