ആലപ്പുഴ: ടൂറിസ്റ്റ് നഗരമെന്ന നിലയിൽ വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന ആലപ്പുഴയിൽ ലഹരിക്കേസുകളിൽ കുതിച്ചുചാട്ടം.
കഴിഞ്ഞ വർഷം പൊലീസും എക്സൈസും ചേർന്ന് രജിസ്റ്റർ ചെയ്ത രണ്ടായിരത്തോളം കേസുകളിലായി മൂവായിരത്തോളം പ്രതികളാണ് അറസ്റ്റിലായത്.
ലഹരി മരുന്ന് വിൽപ്പനക്കാർക്കെതിരെ കർശന നടപടിയുമായി ഓപ്പറേഷൻ ഡി-ഹണ്ടും സജീവമാണ്. ജില്ലാകളക്ടർ, കോടതികൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. പൊതു ജനങ്ങളിൽ നിന്ന് ലഭിക്കുന്ന രഹസ്യ വിവരങ്ങളും 9995966666 എന്ന വാട്സ് ആപ് നമ്പരിലെ സന്ദേശങ്ങളും ഡി- ഹണ്ട് പരിശോധിക്കും.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആവശ്യമായ മാനവശേഷിയോ എൻഫോഴ്സ് മെന്റ് സംവിധാനങ്ങളോ ഇല്ലാതെ പരിമിതികളോട് പടവെട്ടുകയാണ് എക്സൈസ്. മയക്കുമരുന്ന് പരിശോധനാ കിറ്റുകളുൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയാലേ ജില്ലയിൽ ലഹരിയുടെ തായ് വേരറുക്കാനാകൂ.
ലഹരി കേസുകൾ
പൊലീസ് ( 2024)
കേസുകൾ:1124
അറസ്റ്ര്:1435
2025 ഇതുവരെ
കേസുകൾ: 243
അറസ്റ്റ്: 253
എക്സൈസ് ( 2024)
കേസുകൾ: 609
അറസ്റ്റ്: 615
2025 മാർച്ച് വരെ
കേസുകൾ :168
അറസ്റ്റ്: 169
കാപ്പ നടപടി ഇഴയുന്നു
1.സ്ഥിരം കുറ്റവാളികളായ ലഹരിക്കേസ് പ്രതികൾക്കെതിരെ കാപ്പാ നിയമ പ്രകാരമുള്ള നടപടികൾക്ക് വേഗതയില്ലാത്തത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു
2.കുറഞ്ഞതോതിലുള്ള ലഹരി കൈവശം വയ്ക്കുന്നവരാണ് തുടരെ പ്രതികളാകുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന ഇവരിൽ പലരും പെട്ടെന്ന് ജാമ്യം നേടുകയും വീണ്ടും കടത്തിലും കച്ചവടത്തിലും സജീവമാകുകയും ചെയ്യുന്നു
3.ലഹരിക്കേസിൽ കാപ്പ പ്രകാരമുള്ള നല്ല നടപ്പിന്റെ ഭാഗമായി നാടുകടത്തപ്പെട്ട പ്രതികളിൽ പലരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ലഹരി കടത്തിൽ വീണ്ടും പങ്കാളികളാകുന്നുണ്ട്
.........................
ലഹരിയ്ക്കെതിരെ ജില്ലയിൽ പൊലീസ് നടപടി ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്
- നർക്കോട്ടിക് സെൽ , ആലപ്പുഴ
..................................
എക്സൈസും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളെല്ലാം എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. പിടികിട്ടാപ്പുള്ളികളെ ഉൾപ്പെടെ പിടികൂടാൻ നടപടി സ്വീകരിച്ചുവരികയാണ്
-അസി. എക്സൈസ് കമ്മിഷണർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |