
ആലപ്പുഴ : അർബുദത്തെ അതിജീവിച്ച്, സംസാരശേഷി മുറിഞ്ഞ് ജീവിതത്തിന്റെ സായാഹ്നത്തിൽ ഗാന്ധിഭവന്റെ തണലിൽ കഴിയുമ്പോൾ തന്റെ ചിത്രകലാവൈഭവം പൊടിതട്ടിയെടുക്കുകയാണ് 71കാരൻ എം.കെ.രാവുണ്ണി. പതിറ്റാണ്ടുകളോളം കേരളത്തിന് വെളിയിലായിരുന്നു ജീവിമെങ്കിലും ഇപ്പോൾ വരകളിൽ തെളിയുന്നത് പച്ചത്തലപ്പുകളും ഗ്രാമഭംഗിയുമൊക്കെ. പത്തനാപുരം ഗാന്ധിഭവന്റെ ആലപ്പുഴ ഹരിപ്പാട് ശാഖയിൽ കഴിയുന്ന രാവുണ്ണിയുടെ കഴിവ് ശ്രദ്ധയിൽപ്പെട്ട ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ ചിത്രം വരയ്ക്കാൻ ആവശ്യമുള്ളതെല്ലാം വാങ്ങി നൽകുകയായിരുന്നു. രാവുണ്ണിയുടെ വരകൾ കോർത്തിണക്കി ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലുമാണ് ഗാന്ധിഭവൻ അധികൃതർ.
ഇരുപതാം വയസ്സിൽ സ്വദേശമായ തൃശൂരിൽ നിന്ന് ജോലി തേടി നാടുവിട്ടുപോയ രാവുണ്ണി ആദ്യം മുംബയിലെ ഒരു ഗസ്റ്റ് ഹൗസിൽ ജീവനക്കാരനും 34 വർഷം ഇംഗ്ലീഷ് പത്രത്തിൽ പ്രൂഫ് റീഡറുമായി പ്രവർത്തിച്ചു. ഇതിനിടെ ഇടയ്ക്ക് നാട്ടിൽ വന്നുപോയെങ്കിലും ജീവിതം പൂർണമായി മുംബയിൽ സ്ഥിരപ്പെടുത്തി. അവിവാഹിതനായ രാവുണ്ണി ജോലിയിൽ നിന്ന് വിരമിച്ചശേഷം വായിൽ അർബുദം ബാധിച്ച് അവശനായി മുംബയിൽ തുടരുന്ന വിവരം പത്രം ഓഫീസിലെ പഴയ സഹപ്രവർത്തകനും ഇപ്പോൾ ആറ്റിങ്ങൽ എം.എ.സി.ടി ജഡ്ജിയുമായ ശ്രീകുമാർ ഉണ്ണിത്താൻ അറിഞ്ഞതാണ് തിരികെ കേരളത്തിലേക്കുള്ള വഴി തുറന്നത്. പത്രത്തിൽ റിപ്പോർട്ടറായിരുന്നപ്പോൾ രാവുണ്ണിയുമായി ആരംഭിച്ച സൗഹൃദം ശ്രീകുമാർ ഉണ്ണിത്താൻ പിൽക്കാലത്തും സൂക്ഷിച്ചതാണ് തുണയായത്. സ്കൂൾ കാലഘട്ടത്തിൽ നന്നായി വരയ്ക്കുമായിരുന്നെങ്കിലും, പിന്നീട് ജോലിക്കിടിയിൽ ചിത്രരചനയ്ക്കായി സമയം മാറ്റിവയ്ക്കുന്ന പതിവില്ലായിരുന്നെന്ന് രാവുണ്ണി പറഞ്ഞു. ഗാന്ധിഭവനിലെത്തി ചികിത്സ നടത്തി ആരോഗ്യം മെച്ചപ്പെട്ട തോടെയാണ് ചിത്രരചന പൊടിതട്ടിയെടുത്തത്. നിറങ്ങളെക്കാൾ പെൻസിൽ ഡ്രോയിംഗിനോടാണ് പ്രിയം.
കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി ഈ വർഷം രാവുണ്ണിയുടെ ചിത്രപ്രദർശനവും നടത്താനാണ് ഗാന്ധിഭവൻ അധികൃതരുടെ ആലോചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |