ആലപ്പുഴ : പുഞ്ചക്കൊയ്ത്ത് പുരോഗമിക്കവേ കുട്ടനാട്ടിൽ കിഴിവിനെച്ചൊല്ലി മില്ലുകാരും കർഷകരും തമ്മിലുള്ള തർക്കത്തിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. സപ്ളൈകോ മില്ലുകാരുമായി കൊച്ചിയിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയും കർഷകർ രണ്ട് കിലോയിലധികം നെല്ല് കിഴിവ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ വരുംദിവസങ്ങളിൽ കുട്ടനാട്ടിലുൾപ്പെടെ നെല്ല് സംഭരണം തടസപ്പെടും.
പതിരിന്റെ മറവിൽ കിഴിവ് കൊള്ള നടത്തുന്ന മില്ലുകാർക്കെതിരെ അപ്പർ കുട്ടനാട്ടിലെ കർഷകർ കോട്ടയത്ത് സപ്ളൈകോ ഓഫീസിന് മുന്നിൽ സമരം തുടരവേയാണ് സപ്ളൈകോ മില്ലുകാരുമായി കൊച്ചിയിൽ ചർച്ച നടത്തിയത്. കിഴിവ് കൂട്ടാതെ നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന് മില്ലുകാർ നിലപാടെടുത്തിരിക്കെ വേനൽമഴയ്ക്കിടെ കൊയ്തെടുക്കുന്ന നെല്ല് എന്തുചെയ്യുമെന്നറിയാതെ വിഷമത്തിലാണ് കർഷകർ.
മുൻവർഷത്തേക്കാൾ പല പാടങ്ങളിലും ഉൽപ്പാദനക്കുറവുണ്ട്. എന്നാൽ വെള്ളം കയറ്റിയിറക്കാൻ കഴിഞ്ഞതും ഓരുവെള്ള ഭീഷണിയില്ലാതിരുന്നതുമായ പാടങ്ങളിലാകട്ടെ മികച്ച വിളവും ലഭിച്ചു. നിലവിലെ കണക്കനുസരിച്ച് 28 ശതമാനം കൊയ്ത്താണ് കുട്ടനാട് മേഖലയിൽ പൂർത്തിയായത്. 7900 ഹെക്ടറിലായി 41537 ടൺ നെല്ല് സംഭരിച്ചു.
കായൽ നിലങ്ങളായ നീലമ്പേരൂർ, കൈനകരി ഉൾപ്പെടെയുള്ള പാടങ്ങളിലാണ് വരും ദിവസങ്ങളിൽ കൊയ്ത്ത് നടക്കേണ്ടത്
ഇവിടങ്ങളിലാണ് മില്ലുകാർ കിഴിവിനായി ഏറ്റവും കൂടുതൽ തർക്കിക്കുന്നത്. ഓരുവെളളം കായൽനിലങ്ങളിൽ നെൽച്ചെടികൾ കരിയാനും പതിരിനും ഇടയാക്കിയ സാഹചര്യം മുതലെടുക്കാനാണ് ഇവരുടെ ശ്രമം. ജില്ലാ ഭരണകൂടവും സപ്ളൈകോയും കൃഷി വകുപ്പും പ്രശ്നത്തിൽ ഇടപെടാത്ത പക്ഷം കുട്ടനാട്ടിലും സമരത്തിനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
നാലര കിലോ കിഴിവ് വേണമെന്ന് മില്ലുകൾ
1.ഒരു ക്വിന്റൽ നെല്ലിന് നാലര കിലോ കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ആവശ്യം
2.രണ്ട് കിലോവരെ കിഴിവ് നൽകാൻ കർഷകർ തയ്യാറായെങ്കിലും അത് മില്ലുകാർ അംഗീകരിക്കുന്നില്ല
3. ജില്ലയിൽ നെല്ല് സംഭരണത്തിനായി 55 മില്ലുകാരെയാണ് സപ്ളൈകോ ചുമതലപ്പെടുത്തിയത്
4. ഇതിൽ ഭൂരിഭാഗം മില്ലുകളും സംഭരണത്തിൽ നിന്ന് പിൻമാറിയ നിലയിലാണ് ഇപ്പോൾ
കുട്ടനാട്ടിൽ കൊയ്ത്ത് പൂർത്തിയായത്
28%
മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവിന് സർക്കാരും സപ്ളൈകോയും വഴങ്ങരുത്. കൂലിവർദ്ധന ഉൾപ്പെടെ ഉത്പാദന ചിലവ് താങ്ങാൻ കഴിയാതിരിക്കെ പതിരുള്ള സ്ഥലത്ത് ഒരു കിലോയിലധികം കിഴിവ് അംഗീകരിക്കാൻ കഴിയില്ല. അനാവശ്യമായി കിഴിവ് ഈടാക്കാൻ ശ്രമിച്ചാൽ ശക്തമായ സമര പരിപാടികളുമായി കർഷകർ രംഗത്തിറങ്ങും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |