
#ഇപ്പോഴത്തെ ഓഫീസിൽ എത്തണമെങ്കിൽ പരസഹായം വേണം, വായന സഹായിയും ഇല്ല
ആലപ്പുഴ: റവന്യൂ റിക്കവറി കുടിശിക നിവാരണത്തിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച കാഴ്ചപരിമിതിയുള്ള ഡെപ്യൂട്ടികളക്ടറെ ഭിന്നശേഷി സൗഹൃദമല്ലാത്ത മൂന്നുനില കെട്ടിടത്തിലേക്ക് പറത്തി. ആലപ്പുഴ കളക്ടറേറ്റിലെ റവന്യൂറിക്കവറി ഡെപ്യൂട്ടി കളക്ടറായ എച്ച്.രൂപേഷിനോടാണ് വകുപ്പിന്റെ ദ്രോഹം. ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്തതിനാൽ പരസഹായം കൂടാതെ ഓഫീസിലെത്താൻ കഴിയാത്ത രൂപേഷ് ദീർഘകാലാവധിയിൽ പ്രവേശിച്ചു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.
ഒന്നരവർഷത്തിനിടെ മൂന്നാമത്തെ സ്ഥലംമാറ്റമാണിത്. ഇ.എം.എസ് സ്റ്റേഡിയത്തിന് എതിർവശത്തുള്ള കെട്ടിടത്തിന്റെമൂന്നാം നിലയിലാണ് പുതിയ ഓഫീസ്.ഒന്നര വർഷം മുമ്പാണ് രൂപേഷ് കളക്ടറേറ്റിലെ റവന്യൂ റിക്കവറി വിഭാഗത്തിൽ ജോയിന്റ് ചെയ്തത്. 2024 ജനുവരിയിൽ റവന്യൂ വിഭാഗത്തിലെ അപ്പലേറ്റ് അതോറിറ്റിയിലേക്കും കഴിഞ്ഞ ആഗസ്റ്റിൽ വീണ്ടും റവന്യൂ റിക്കവറി വിഭാഗത്തിലേക്കും മാറ്റിയ രൂപേഷിന് സർക്കാർ ഒരു വായനാസഹായിയെ നിയമിച്ചിരുന്നു. നിലവിലുള്ള വായനാസഹായിയെ പോലും അനുവദിക്കാതെയാണ് ഇപ്പോഴത്തെ സ്ഥലമാറ്റം . ഒരു വർഷം മുമ്പ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റാനുള്ള നീക്കം അറിഞ്ഞ് രൂപേഷ് മുഖ്യമന്ത്രിക്കും ചീഫ്സെക്രട്ടറിക്കും അപേക്ഷ നൽകിയിരുന്നു. രൂപേഷിനോടൊപ്പം 30ൽ അധികം ജീവനക്കാരെ സ്ഥലം മാറ്റിയെങ്കിലും രൂപേഷ് ഉൾപ്പെടെ രണ്ട് പേരാണ് ഭിന്നശേഷിക്കാർ. ഇതിൽ ഒരാളെ അതേ ഓഫീസിൽ നിലനിർത്തി. ഭിന്നശേഷിക്കാരല്ലാത്ത മൂന്ന് പേരെ അവർ ജോലി നോക്കിയ ഓഫീസിൽ നിലനിർത്തിയപ്പോഴാണ് രൂപേഷിന്റെ ഓഫീസ് മാറ്റിയത്. കോവണിപ്പടി കയറി വേണം ഓഫീസിലെത്താൻ. കളക്ടറേറ്റിലെ മൂന്ന് സഹപ്രവർത്തകരുടെ സഹായത്തോടെയാണ് രൂപേഷ് പുതിയ ഓഫീസിൽ എത്തി ജോയിന്റ് ചെയ്തത്. പരസഹായമില്ലാത്തതിനാൽ ഇന്നലെ ഓഫീസിൽ എത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യം തുടർന്നാൽ നീണ്ട അവധിയെടുക്കാനാണ് ആലോചന. ലിഫ്റ്റോ റാമ്പോ ഉണ്ടോയെന്ന് പരിശോധിക്കാതെയായിരുന്നു രൂപേഷിന്റെ സ്ഥലം മാറ്റം.
കുടിശിഖ പിരിവ് നാലിരട്ടിയാക്കി
കഴിഞ്ഞ എട്ടുമാസത്തെ പ്രവർത്തനത്തിലൂടെ 220 കോടിയിലധികം റവന്യൂ റിക്കവറി കുടിശ്ശിക പിരിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിച്ച ജീവനക്കാരനായിരുന്നു രൂപേഷ്. ഇരുകണ്ണുകൾക്കും കാഴ്ചയുണ്ടായിരുന്നവർ ചുമതല വഹിക്കുമ്പോൾ 60 കോടിയിൽ താഴെയായിരുന്ന കുടിശിഖ പിരിവാണ് രൂപേഷ് നാലിരട്ടിയോളമാക്കിയത്.
രൂപേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുഖ്യമന്ത്രിയ്ക്കും റവന്യൂമന്ത്രിക്കും ഭിന്നശേഷി കമ്മിഷനും പരാതി നൽകും. -ചന്ദ്രദാസ് കേശവപിള്ള, സാമൂഹ്യപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |