SignIn
Kerala Kaumudi Online
Monday, 21 September 2026 6.44 AM IST

ശോഭായാത്രകളും ഉറിയടിയും അകമ്പടിയായി,​ ശ്രീകൃഷ്ണജയന്തി ആഘോഷ നിറവിൽ നാട്

ആലപ്പുഴ: ശ്രീകൃഷ്ണജയന്തി ആഘോഷനിറവിൽ നാടും നഗരവും. ശോഭായാത്രകളും ഉറിയടിഘോഷയാത്രകളും ഗ്രാമ നഗര ഭേദമില്ലാതെ നിരത്തുകളെ അമ്പാടികളാക്കി. കൃഷ്ണസ്തുതികൾ ആലപിച്ചും ശ്രീകൃഷ്ണ, രാധാ വേഷങ്ങളണിഞ്ഞും തോഴിമാരോടൊത്ത് നൃത്തം ചെയ്തും ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നാടിനെ ഭക്തിസാന്ദ്രമാക്കി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് കുട്ടികളാണ് സംബന്ധിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ രോഹിണി ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ ഭക്തരെത്തി. നങ്ങ്യാർകൂത്ത്, ഗരുഡവാഹന എഴുന്നെള്ളിപ്പ്, നവകാഭിഷേകം, എന്നിവയും നടന്നു. രാവിലെ ആരംഭിച്ച ഉറിയടി ഘോഷയാത്രയിൽ നൂറ് കണക്കിനാളുകൾ അണിചേർന്നു. വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വർണാഭമായ മഹാശോഭായാത്രയും അരങ്ങേറി.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ നടന്ന ശോഭാ യാത്രകളിൽ 10,000 കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും തോഴിമാരുടെയും വേഷമണിഞ്ഞ് അണിനിരന്നു. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ അകമ്പടിയായി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാവിലെ മുതൽ ഉറിയടിയും വൈകുന്നേരം ശോഭായാത്രകളുമായി വർണശബളമായിട്ടായിരുന്നു ആഘോഷ പരിപാടികൾ.വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ സംഗമിച്ച് പ്രധാന നഗരങ്ങളിൽ വൈകുന്നേരം മഹാശോഭായാത്രയായി.

അമ്പലപ്പുഴ കേന്ദ്രീകരിച്ച് തകഴി ,പുറക്കാട് ,അമ്പലപ്പുഴ ,വണ്ടാനം ,പുന്നപ്ര ,പറവൂർ തുടങ്ങിയ സ്ഥലങ്ങളിലായി മഹാശോഭായാത്ര നടന്നു. അമ്പലപ്പുഴ മേഖലയിൽ പതിമൂന്നോളം സ്ഥലങ്ങളിൽ നടന്ന ഉറിയടിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഉറിയടിഘോഷയാത്ര ഉച്ചയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. പുന്നപ്ര വടക്ക് മണ്ഡലത്തിൽ പുന്നപ്ര ,പറവൂർ മേഖലകളിൽ നിന്നുള്ള ചെറുശോഭായാത്രകൾ അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ സംഗമിച്ചു. കായംകുളം പുതിയിടം ക്ഷേത്രം,​മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ചേർത്തല ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളോടെയായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL