SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.39 AM IST

പൊടിപാറും പോരാട്ടപ്പൂരം

ele

ആലപ്പുഴ: തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ ജില്ലയിൽ പ്രചരണം പൊടിപാറും. പെസഹ വ്യാഴം, ദു:ഖ വെള്ളി ആഘോഷങ്ങൾക്ക് മുന്നോടിയായി മണ്ഡലതല സ്വീകരണ പരിപാടികൾ പൂർത്തിയാക്കാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം. സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണം ആരംഭിക്കുന്നതിലും അൽപ്പം വൈകിയെങ്കിലും മാവേലിക്കരയിലെ സ്ഥാനാർത്ഥി സ്വീകരണ പരിപാടിയോടെ രണ്ടാം ഘട്ട പ്രചരണത്തിൽ യു.ഡി.എഫ് മുന്നേറി. കായംകുളമുൾപ്പെടെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ഇന്നും നാളെയുമായി സ്വീകരണ പരിപാടികൾ നടക്കും. ആലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജന്റെ സ്വീകരണം ഇന്ന് ആരംഭിക്കും. ഏപ്രിൽ 1ന് സമാപിക്കും.
ബാപ്പു വൈദ്യർ ജംഗ്ഷനിൽ വോട്ടഭ്യർത്ഥനയിലായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി എ.ഡി തോമസ് പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ഇന്നലെ സമയം ചെലവഴിച്ചത്.

കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സൈക്കിൾ പ്രഭാത സവാരി മണ്ഡലത്തെ ഇളക്കി മറിച്ചു. തോമസ്. കെ.തോമസും ഇന്നലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു.സ്വീകരണ പരിപാടികളുടെ ആദ്യദിവസമായിരുന്നു മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുത്താരരാജിന്റേത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വീകരണപരിപാടികളിൽ വലിയ ആവേശമാണ് പ്രകടമായത്. ഹരിപ്പാട്, കായംകുളം, ചേർത്തല, അരൂർ, ചെങ്ങന്നൂർ മണ്ഡലങ്ങളിലും സ്വീകരണ പരിപാടികൾക്ക് മുന്നോടിയായി വീടുകളിലും സ്ഥാപനങ്ങളിലും വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലായിരുന്നു മൂന്നുമുന്നണി സ്ഥാനാർത്ഥികളും.

ദേശീയ നേതാക്കൾ

കളത്തിലിറങ്ങും

# കുടുംബയോഗങ്ങളും പൊതുയോഗങ്ങളും പൂർത്തിയാക്കിയ എൽ.ഡി.എഫും എൻ.ഡി.എയും വരും ദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കളെ കളത്തിലിറക്കി പ്രചരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ്

# ജി.സുധാകരൻ പാർട്ടിവിട്ടതിനെ തുടർന്ന് കേരളമാകെ ആലപ്പുഴയിലേക്ക് ഉറ്റുനോക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ ദേശീയനേതാക്കളെയാണ് ഇടതുമുന്നണി പ്രചരണത്തിനെത്തിക്കുന്നത്

# സി.പി.എം നേതാക്കളായ ബൃന്ദാകാരാട്ട് നാളെയും എ. വിജയരാഘവൻ 30നും സുഭാഷിണി അലിയും മുഖ്യമന്ത്രിയും ഏപ്രിൽ 1നും പൊളിറ്റ്‌ ബ്യൂറോ അംഗം മറിയം ധാവ്‌ളെ 4നും പ്രചരണത്തിനെത്തും

# സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമുൾപ്പെടെ ഘടകകക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും പ്രചരണത്തിനുണ്ടാകും

# രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി, ഖാർഗെയുമുൾപ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രതിരോധം ശക്തമാക്കാനാണ് യു.ഡി.എഫ് ആലോചന

# ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമിത് ഷാ, നിർമ്മലാ സീതാരാമൻ തുടങ്ങിയ ദേശീയ നേതാക്കളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL