SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

നെൽവില വിതരണം അനിശ്ചിതത്വത്തിൽ

nnellu

ആലപ്പുഴ: കുട്ടനാട്ടിൽ പുഞ്ചകൃഷി വിളവെടുപ്പ് 75 ശതമാനം പിന്നിട്ടിട്ടും വിഷു, ഈസ്റ്റർ സീസണിൽ സപ്ളൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ വില വിതരണം

ആശങ്കയായി തുടരുന്നു. സർക്കാർ ഫണ്ട് കൈമാറാത്തതിനാൽ എസ്.ബി.ഐയ്ക്ക് പിന്നാലെ കാനറാബാങ്കും വില വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ

ഈസ്റ്റർ ആഘോഷത്തിനുപോലും പണമില്ലാതെ ആയിരക്കണക്കിന് കർഷകർ ദുരിതത്തിലാണ്.

അതേസമയം, വേനൽ മഴയ്ക്കും സംഭരണ പ്രതിസന്ധിക്കുമിടയിൽ കുട്ടനാട്ടിൽ പുഞ്ചകൃഷി വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായി. കൈനകരി, പുളിങ്കുന്ന് മേഖലകളിലെ വിരലിലെണ്ണാവുന്ന ഏതാനും കായൽ നിലങ്ങളിലെ വിളവെടുപ്പാണ് ബാക്കിയുള്ളത്. അപ്പർ കുട്ടനാട് മേഖലകളിൽ വിളവെടുപ്പ് പുരോഗമിക്കുകയാണ്. ഉപ്പുവെള്ളം കയറി വിളവ് മോശമായ ചില പാടങ്ങളിൽ കിഴിവിനെ ചൊല്ലി മില്ലുകാരുമായുള്ള തർക്കം സംഭരണത്തിൽ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. പാടശേഖരസമിതികളുടെ പ്രതിഷേധം കണക്കിലെടുത്ത് മില്ലുകാരുമായി സപ്ളൈകോ മാരത്തോൺ ചർച്ചകൾ നടത്തിവരികയാണ്.

അപ്പർ കുട്ടനാട് മേഖലയിലെ ഹരിപ്പാട്, പള്ളിപ്പാട്, ചെന്നിത്തല, വീയപുരം, മാന്നാർ മേഖലകളിലാണ് വരും ദിവസങ്ങളിൽ കൊയ്ത്ത് തീരുമാനിച്ചിരിക്കുന്നത്. വിഷുവിന് മുമ്പ് ഇവിടുത്തെയും വിളവെടുപ്പ് പൂർത്തിയായാൽ ഈ സീസണിലെ പുഞ്ചക്കൊയ്ത്ത് പൂർത്തിയാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.

സർക്കാർ ഫണ്ട് കൈമാറിയില്ല

1.സപ്ളൈകോയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മാർച്ച് 17 വരെയുള്ള പി.ആർ.എസ് രസീതുകളിൽ നെൽ വില ലഭ്യമാക്കിയിട്ടുണ്ട്. അതിനുശേഷം മാർച്ച് 31വരെ പി.ആർ.എസ് കൈമാറിയ കർഷകരാണ് പണത്തിനായി കാത്തിരിക്കുന്നത്

2. മദ്ധ്യവേനലവധിക്ക് ശേഷം ഉന്നത വിദ്യാഭ്യാസമുൾപ്പെടെ കുട്ടികളുടെ പഠനത്തിനും പുഞ്ചകൃഷിക്കായി വാങ്ങിയ കടങ്ങൾ വീട്ടാനും കാലവർഷത്തിന് മുമ്പ് വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുഞ്ചകൃഷിയുടെ പണം ലഭിക്കേണ്ടതുണ്ട്

3. മേയ് അവസാനത്തോടെ രണ്ടാംകൃഷിക്കുള്ള ഒരുക്കങ്ങൾക്കും കർഷകർക്ക് നെൽ വില ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്തായാലും, തിരഞ്ഞെടുപ്പ് സമയമായതിനാൽ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് കർഷകർ

നെല്ല് സംഭരണം

(മെട്രിക് ടണ്ണിൽ)

പ്രതീക്ഷിക്കുന്ന വിളവ്....1,31,050.29.

അലോട്ട് ചെയ്തത്........1,04,442.86.

സംഭരിച്ചത് .................29,834.844.

വില വിതരണം

(കോടിയിൽ)

വിതരണം ചെയ്തത്......................10.07

എസ്.ബി.ഐ................................4.12

കാനറ ബാങ്ക്.................................5.95

നെല്ല് സംഭരണത്തിനൊപ്പം വില വിതരണവും പ്രതിസന്ധിയിലായത് കർഷകരെ ആശങ്കയിലാക്കുന്നു. വിളവെടുപ്പിനൊപ്പം പി.ആർ.എസ് ലോണും പ്രതിസന്ധിയിലായത് അടുത്ത സീസണിൽ പലരും കൃഷിക്ക് തയ്യാറാകാത്ത സാഹചര്യമാണ്

- സോണിച്ചൻ പുളുങ്കുന്ന്, വോയ്സ് ഒഫ് കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL