SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

നെൽവില വൈകുന്നു ആശങ്കയിൽ കർഷകർ

ആലപ്പുഴ: പുഞ്ചകൃഷി വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കെ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിന്റെ ആശങ്കയിലാണ് കർഷകർ. അപ്പർ കുട്ടനാടൊഴികെ 95 ശതമാനത്തിലധികം വിളവെടുപ്പ് പൂർത്തിയായെങ്കിലും പി.ആർ.എസ് രസീത് കൈപ്പറ്റിയ 10 ശതമാനത്തിൽ താഴെ കർഷകർക്ക് മാത്രമാണ് നിലവിൽ പണം ലഭിച്ചത്. പി.ആർ.എസ് വായ്പയായി കർഷകർക്ക് നെല്ലിന്റെ പണം വിതരണം ചെയ്യേണ്ട കാനറാ ബാങ്കും എസ്.ബി.ഐയും ഉൾപ്പെട്ട ബാങ്കിംഗ് കൺസോർഷ്യങ്ങൾക്ക് സപ്ളൈകോയിൽ നിന്ന് പണം അനുവദിക്കാത്തതാണ് പ്രശ്നം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് രണ്ടാം കൃഷിയുടെ വില വിതരണത്തിനായി അനുവദിച്ച പണത്തിൽ ശേഷിച്ച 230 കോടിയോളം രൂപ പുഞ്ച കൃഷിയുടെ തുടക്കത്തിൽ നെല്ല് കൈമാറിയ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഈ പണം തീർന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പിന്നീട് സപ്ളൈകോയോ സർക്കാരോ പണം അനുവദിക്കാതിരുന്നതുമാണ് പ്രശ്നം സങ്കീർണമാക്കിയത്.

കാലവർഷമെത്തുംമുമ്പ് ബണ്ടുകൾ ബലപ്പെടുത്തലുൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്തമാസം 4ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ അതിനുശേഷമേ സപ്ളൈകോയിൽ നിന്ന് പണം അനുവദിക്കുന്നതിനുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ.

 പുഞ്ചകൃഷിയ്ക്ക് കടം വാങ്ങിയ പണവും ഈസ്റ്റർ, വിഷു ആഘോഷ ചെലവുകളുമുൾപ്പെടെ ബാദ്ധ്യതയാണെന്ന് കർഷകർ

 നിലവിലെ കണക്ക് പ്രകാരം ഏകദേശം 300 കോടിയിലധികം രൂപയാണ് കുട്ടനാട്ടിൽ നെൽവിലയായി ലഭിക്കാനുളളത്

 രണ്ടാം കൃഷിയ്ക്ക് പാടമൊരുക്കളുൾപ്പെടെയുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കേണ്ടതുണ്ട്

 എസ്.എസ്.എൽ.സി , പ്ളസ് ടു ക്ളാസുകളും പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശനവും ആഴ്ചകൾക്കകം ആരംഭിക്കും

കൃഷികാര്യങ്ങൾക്കൊപ്പം കുടുംബത്തിന്റെ ചെലവുകൾക്കും കുട്ടികളുടെ പഠനത്തിനും പണമില്ലാത്ത സാഹചര്യമുണ്ടാകും

കർഷകർ കടക്കെണിയിലാണ്. എത്രയുംവേഗം നെല്ലിന്റെ പണം വിതരണം ചെയ്യണം. സ്കൂൾ തുറക്കുമ്പോൾ മക്കളെ പഠിക്കാനയക്കാനും രണ്ടാംകൃഷിയ്ക്കുള്ള ഒരുക്കങ്ങൾക്കും പണം വേണം

- വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട്, കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL