
ആലപ്പുഴ: ഹരിപ്പാട്ടുകാരനായ ചലച്ചിത്ര പിന്നണിഗായകൻ എം.ജി.ശ്രീകുമാറിന് പിന്നാൾ ദിനത്തിൽ ഗാനാർച്ചനയുമായി ആരാധകൻ. ഹരിപ്പാട് മുതുകുളം സാന്ദ്രം വീട്ടിൽ സന്തോഷ് സാന്ദ്രമാണ് (57) ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുടർച്ചയായി ഒമ്പത് മണിക്കൂറിൽ എ.ജി.ശ്രീകുമാർ ആലപിച്ച 68 ഗാനങ്ങൾ പാടിയത്. രാവിലെ എട്ടിനാരംഭിച്ച ഗാനാർച്ചന വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്. ശ്രീലവസന്തം എന്ന പേരിൽ നടത്തിയ ഗാനാർച്ചന ഗാനരചയിതാവ് രാജീവ് ആലുങ്കലാണ് ഉദ്ഘാടനം ചെയ്തത്. രാജീവ് ആലുങ്കൽ ഗാനാർച്ചനയെക്കുറിച്ച് അറിയിച്ചതോടെ വിദേശപര്യടനത്തിലായിരുന്ന എം.ജി.ശ്രീകുമാർ പരിപാടിക്കിടെ സന്തോഷ് സാന്ദ്രവുമായി ഫോണിൽ സംസാരിച്ചു. തനിക്കായി നടത്തിയ വ്യത്യസ്ത പരിപാടിയിൽ സന്തോഷം പ്രകടിപ്പിച്ച എം.ജി.ശ്രീകുമാർ, ജന്മനാട്ടിലെത്തുമ്പോൾ തമ്മിൽ കാണണമെന്ന അഗ്രഹവും പങ്കുവച്ചു.
ജനുവരിയിൽ കെ.ജെ.യേശുദാസിന്റെ 87ാം ജന്മദിനത്തിലും സന്തോഷ് 87 ഗാനങ്ങളുടെ അർച്ചന നടത്തിയിരുന്നു. എം.ജി.ശ്രീകുമാർ ആലപിച്ച 'പമ്പാഗണപതി'യിൽ തുടങ്ങിയാണ് തുടർച്ചയായി 68 പാട്ടുകൾ പാടിയത്. ഇവയിൽ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ഉൾപ്പെടും. സ്റ്റേജ് സജ്ജീകരണങ്ങളുൾപ്പെടെ നാൽപ്പത്തിരണ്ടായിരം രൂപ ചെലവ് വന്നു. സുഹൃത്തുക്കൾ സാമ്പത്തികമായി സഹായിച്ചു.
വിവിധ സംഘടനകളുമായി ചേർന്ന് നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായമെത്തിക്കാൻ പ്രവർത്തിക്കുന്ന സാന്ദ്രസംഗീതം എന്ന മ്യൂസിക് ഗ്രൂപ്പിന്റെ ഉടമയാണ് സന്തോഷ്. ബിരുദാനന്തര ബിരുദധാരിയാണ്. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനായ സന്തോഷ് ഇപ്പോൾ സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനാണ്. എസ്.എൻ.ഡി.പി യോഗം ചിങ്ങോലി മേഖല വൈസ് ചെയർമാനാണ്. പരേതനായ സുഗതൻ - രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: കവിത. മകൾ: സാന്ദ്രശ്രീ
ഒരു മാസത്തെ പരിശീലനം
ഒരിക്കൽ സംഗീതസംവിധായകൻ രവീന്ദ്രന്റെ അനുസ്മരണ ചടങ്ങിൽ സുഹൃത്ത് എറണാകുളം സ്വദേശി അനിൽ രണ്ട് മണിക്കൂർ തുടർച്ചയായി ഗാനമാലപിക്കുന്നത് കേട്ടതാണ് പ്രചോദനമായത്. ഓരോ പരിപാടിക്ക് മുമ്പ് ഒരു മാസത്തിലധികം നീണ്ട കഠിന പരിശീലനമുണ്ട്. പഴയ പാട്ടുകളിൽ പലതിനും കരോക്കേ ട്രാക്ക് ലഭിക്കാത്തതാണ് പ്രതിസന്ധിയെന്ന് സന്തോഷ് സാന്ദ്രം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |