ആലപ്പുഴ: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ 231.42 കോടി രൂപ കിട്ടാനുണ്ടെങ്കിലും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്
രണ്ടാം കൃഷിക്കൊരുങ്ങി കുട്ടനാട്ടിലെ കർഷകർ. പാടങ്ങളിൽ വെള്ളം കയറ്റി കള നശിപ്പിക്കലാണ് ഇപ്പോൾ നടക്കുന്നത്. വേനൽക്കാലത്ത് കയറിയ ഓരുവെള്ളം കെട്ടിനിൽക്കവേ, മഴയിൽ പാടങ്ങളിലെ ജലനിരപ്പ് ഉയർന്നത് ലവണാംശം കുറയാൻ സഹായിക്കും. ഇത് നെൽ കൃഷിക്ക് അനുകൂലമാണ്.
കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, കൈനകരി, തകഴി, പുറക്കാട്, കരുമാടി കൃഷി ഭവൻ പരിധികളിലാണ് രണ്ടാം കൃഷിക്ക് ഒരുങ്ങുന്നത്. വേനൽക്കാലത്ത് ഓരുവെള്ളം കയറുന്നതിനാൽ പുഞ്ചകൃഷി സാദ്ധ്യമാകാത്ത ഇവിടങ്ങളിൽ ജൂണിലാണ് വിത തുടങ്ങേണ്ടത്. വിത്തും വളവും കൂലിച്ചെലവും ഉൾപ്പടെ രണ്ടാം കൃഷി ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കുമെന്നിരിക്കെ, പുഞ്ചകൃഷിയുടെ നെൽ വില ലഭിക്കാതെ എങ്ങനെ പണം കണ്ടെത്തുമെന്ന് കർഷകർക്കും നിശ്ചയമില്ല.
കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും മേയ് അവസാനവാരം കാലവർഷം എത്തുമെന്നാണ് അറിയുന്നത്. കാലവർഷത്തിന് സമാനമായ നിലയിൽ ദിവസങ്ങളായി തുടരുന്ന വേനൽമഴ കുട്ടനാട്ടിൽ ഇതിനകം ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. പൊഴികൾ മുറിച്ച് കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കിയതിനാലാണ് അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങാത്തത്. കാലവർഷം തുടക്കത്തിലേ കരുത്താർജിക്കുകയും കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമാകുകയും ചെയ്താൽ പാടത്തിന്റെ ബണ്ടുകളുടെ നിലനിൽപ്പിനെ ബാധിക്കും. നെൽകൃഷി ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കിയിരിക്കെ കർഷകരിൽ അധികവും കൃഷിയിൽ നിന്ന് പിൻമാറുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന.കാൽലക്ഷത്തോളം കർഷകർ രണ്ടാം കൃഷി നടത്തിയിരുന്ന കുട്ടനാട്ടിൽ ഇപ്പോൾ കഷ്ടിച്ച് 5,000ത്തിൽ താഴെ പേർ മാത്രമാണുള്ളത്.
കർഷകർക്ക് മുന്നിൽ
ഓരുവെള്ള ഭീഷണി
അമിതമായ കിഴിവ്
കൃഷിയിലെ വിളനഷ്ടം
നെൽ വില ലഭിക്കുന്നതിലെ താമസം
ഗുണനിലവാരമുള്ള വിത്തില്ലാത്തത്
കൂലിനിരക്കിലെ വർദ്ധന
വളങ്ങളുടെയും കീടനാശിനിയുടെയും വില വർദ്ധന
പി.ആർ.എസ് വായ്പ കാരണമുള്ള സിബിൽ സ്കോർ തകരാർ
പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ കിട്ടാനുള്ളത്
231.42 കോടി രൂപ
നെൽവില കിട്ടാത്തതിനാൽ കടം വാങ്ങിയാണ് കർഷകർ കൃഷിക്ക് ഇറങ്ങിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി എം.എൽ.എ മുഖാന്തിരം സർക്കാരിൽ നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ
- നെൽകർഷക സംരക്ഷണസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |