ആലപ്പുഴ: സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിന്ന് വായ്‌പയെടുത്ത് കുടിശികയായവർക്ക് ആശ്വാസമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സർക്കാർ. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി ആഗസ്റ്റ് 31 വരെയാണ് 'ആശ്വാസ്-2026' പദ്ധതി നടപ്പാക്കുന്നത്. വായ്‌പ കുടിശികയും നിഷ്ക്രിയ ആസ്‌തിയും കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. പദ്ധതി കാലയളവിൽ ജപ്‌തി, ലേല നടപടികൾ നിർത്തിയും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കിയുമാണ് പദ്ധതി നടപ്പാക്കുക.
സ്വർണ്ണ പണയ വായ്‌പ, നിക്ഷേപ വായ്‌പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ എല്ലാ വായ്പ്‌പകളും പദ്ധതിയിൽ ഉൾപ്പെടും.
50%വരെ പലിശ ഇളവ്
# 50,000 രൂപ വരെയുള്ള വായ്‌പകളിൽ 5 വർഷവും അതിൽ കൂടുതലും കുടിശികയാണെങ്കിൽ പലിശയുടെ 50ശതമാനവും 1 മുതൽ 4 വർഷം വരെ കുടിശികകൾക്ക് പലിശയുടെ 10 മുതൽ 40ശതമാനം വരെയും ഇളവ് ലഭിക്കും
# 50,000ന് മുകളിൽ 5 ലക്ഷം വരെയുള്ള വായ്‌പകളിൽ വായ്പ എടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ, ഇപ്പോഴുള്ള പലിശ നിരക്കോ ഏതാണോ കുറവ് ആ നിരക്കിൽ പലിശകണക്കാക്കി വായ്‌പ അവസാനിപ്പിക്കാം
#അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ 1 ലക്ഷം രൂപ വരെയുള്ള വായ്‌പയിൽ മുതൽ തുക മാത്രം ഈടാക്കിയും 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയിൽ പലിശയുടെ 50ശതമാനം ഇളവ് നൽകിയും വായ്‌പ അവസാനിപ്പിക്കാം
# 5 ലക്ഷത്തിനു മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പരമാവധി 25ശതമാനം വരെ പലിശ ഇളവ്. 25 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകളിൽ പരമാവധി 15ശതമാനം വരെ പലിശ ഇളവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |