
അമ്പലപ്പുഴ: വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച വീട്ടമ്മക്ക് ലഭിച്ചത് നിസാര സമ്മാനമല്ല, ഒന്നാന്തരം ഫ്രിഡ്ജ്. പുറക്കാട് കുടുംബാരോഗ്യ കേന്ദ്രമാണ് സംസ്ഥാനത്ത് ആദ്യമായി മഴക്കാല ശുചീകരണ പദ്ധതിയുടെ ഭാഗമായി ഇത്തരമൊരു വമ്പർ സമ്മാനം ഏർപ്പെടുത്തിയത്. ആശുപത്രി ജീവനക്കാരി കൂടിയായ വിഭക്ക് ജി.സുധാകരൻ എം.എൽ.എ ഫ്രിഡ്ജ് കൈമാറി. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സിവിക് സെൻസ് എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ 115 വീട്ടമ്മമാരാണ് പങ്കെടുത്തത്. ഇവരിൽ നിന്ന് 16 വീട്ടമ്മമാരെ തിരഞ്ഞെടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇവരിൽ നിന്ന് വിഭയെ ജി.സുധാകരൻ എം.എൽ.എ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു.
പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം.പുറക്കാട്, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, പഞ്ചായത്തംഗങ്ങളായ സുലേഖ, ബീന, മെഡിക്കൽ ഓഫീസർമാരായ ഡോ.ഷിബു സുകുമാരൻ, ഡോ. ഹരി ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ജിനു സുധാകർ എന്നിവർ സംസാരിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന സന്ദേശം നൽകിയാണ് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ആരംഭിച്ചത്. സമ്മാനത്തിനായുള്ള പണം ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |