ആലപ്പുഴ : എൺപതുകാരനായ പിതാവ് തന്റെ സംരക്ഷണത്തിൽ കഴിയാൻ വിസമ്മതിച്ചായി മകൻ. പുന്നമട പാലക്കുളങ്ങര വെളിയിൽ ചന്ദ്രഹാസൻ സംരക്ഷണത്തിനാരുമില്ലാതെ ദുരിതജീവിതം നയിക്കുന്നുവെന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താനും കുടുംബവും സംരക്ഷിക്കുന്നില്ലെന്ന ചന്ദ്രഹാസന്റെ പരാതി അടിസ്ഥാന രഹിതമാണെന്നും വീട്ടിൽ നിന്ന് തങ്ങളെ പുറത്താക്കിയശേഷവും എത്തിച്ചുനൽകിയ ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ പിതാവ് നിരസിക്കുകയായിരുന്നുവെന്നും മകൻ പ്രതികരിച്ചു. സഹോദരങ്ങളുടെ മരണശേഷം
കാൻസർ രോഗിയായ അമ്മയും താനും ഭാര്യയും രണ്ട് മക്കളുമായി അച്ഛനുമൊത്തായിരുന്നു താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പ് അച്ഛന്റെ പരാതിയിൽ ആർ.ഡി.ഒ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് താനും കുടുംബവും ഭാര്യ വീട്ടിലേക്ക് മാറേണ്ടിവന്നതെന്നും മകൻ പറയുന്നു.
കാൻസർ രോഗിയായ അമ്മയെ മരണം വരെ താനും കുടുംബവുമാണ് സംരക്ഷിച്ചത്. അമ്മയുടെ വകയായുള്ള സ്വത്തുക്കൾ തന്റെ പേരിൽ എഴുതി നൽകിയതിന്റെ പേരിലാണ് അമ്മയുടെ മരണശേഷം അച്ഛൻ പരാതിയുമായി ഇറങ്ങിയത്. ആർ.ഡി.ഒ ഓഫീസിലെ ഹിയറിംഗിൽ അച്ഛൻ തനിച്ചുകഴിയേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുകൾ താൻ വെളിപ്പെടുത്തിയെങ്കിലും അച്ഛന്റെ ആത്മഹത്യാഭീഷണിയും ആർ.ഡി.ഒ ഓഫീസിലെ നിർദേശവും പരിഗണിച്ചാണ് തനിച്ചാക്കി വീടൊഴിയേണ്ടിവന്നത്. ഭക്ഷണവും മരുന്നും മറ്റുമായെത്തുമ്പോഴൊക്കെ തന്നെയും ഭാര്യയെയും മകനെയും പലതവണ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രണ്ട് മാസം മുമ്പ് ഒരു രാത്രിയിൽ പെട്ടെന്ന് വീടൊഴിയണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനിയിൽ വർക്ക് അറ്റ്ഹോമായി ജോലി നോക്കിയിരുന്ന മകനും ഭാര്യയുമൊത്ത് വീട്ടിൽ നിന്നിറങ്ങിയത്. ഒരു വർഷത്തിലേറെയായി ന്യൂറോ സംബന്ധമായ ചികിത്സയിൽ കഴിയുന്ന തനിക്ക് ഭാരിച്ച ജോലികൾ ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ സെക്യൂരിറ്റി ജോലി ചെയ്താണ് ജീവിക്കുന്നത്.തന്നെയും കുടുംബത്തെയും സംരക്ഷിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് അച്ഛനെ ഏതെങ്കിലും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് തന്റെ ആഗ്രഹമെന്നും മകൻ വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |