
കൂത്താട്ടുകുളം: പൊതുപ്രവർത്തന രംഗത്തും കായിക മേഖലയിലും സജീവമായ മുൻ എം.എൽ.എ എം.ജെ ജേക്കബിന് തേടി എൺപത്തിനാലാം വയസിൽ മികച്ച കായിക താരത്തിനുള്ള പുരസ്കാരമെത്തി. സാമൂഹ്യ നീതി വകുപ്പിന്റേതാണ് പുരസ്കാരം. ഒക്ടോബർ ഒന്ന് വയോജന ദിനത്തിൽ തിരൂരിൽ നടക്കുന്ന ചടങ്ങിൽ വയോജന പുരസ്കാരം സമ്മാനിക്കും.
ചൈന, ജപ്പാൻ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റുകളിലും ഫ്രാൻസ്, ഓസ്ട്രേലിയ, സ്പെയിൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പുകളിലും രാജ്യത്തെ പ്രതിനിധാനംചെയ്ത് നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
എൺപതിന്റെ നിറവിലും തിരക്കിലാണ് തിരുമാറാടി ഒലിയപ്പുറം മുട്ടപ്പിള്ളിൽ എം.ജെ. ജേക്കബ് നാട്ടുകാരുടെ ചാക്കോച്ചേട്ടനാണ്. ദിവസേന പുലർച്ചെ നാലിന് കായിക പരിശീലനം തുടങ്ങുന്ന രീതി ഇന്നും തുടരുന്നു.
1969ൽ ഫാക്ടിൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചതിനൊപ്പം പൊതുരംഗത്ത് സജീവമായി. മണിമലക്കുന്നിൽ കോളേജ് സ്ഥാപിക്കുന്നതിന് 1975ൽ എം.ജെ. ജേക്കബ് സെക്രട്ടറിയായി റൂറൽ എഡ്യുക്കേഷൻ സൊസൈറ്റി രൂപീകരിച്ച് 20 ഏക്കർ വാങ്ങി. ഇതിൽ 15 ഏക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് സൗജന്യമായി നൽകിയാണ് ഗവ. കോളേജ് തുടങ്ങിയത്. മൂന്നേക്കർ സ്ഥലം എം.ജി യൂണിവേഴ്സിറ്റിക്ക് നൽകി നഴ്സിംഗ് പാരാമെഡിക്കൽ കോളേജും തുടങ്ങി. ഒരേക്കറിൽ സെന്റർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററും തുടങ്ങി. സൊസൈറ്റിയുടെ സെക്രട്ടറിയായി എം.ജെ. തുടരുന്നു.
നേട്ടങ്ങളുടെ നെറുകയിൽ
സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരം തിരുമാറാടി ഗ്രാമപഞ്ചായത്തിന് രണ്ട് തവണ ലഭിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് എം. ജെ. ആയിരുന്നു. എം.ജെ. ജേക്കബിന്റെ സാരഥ്യത്തിൽ കാക്കൂർ സഹകരണ ബാങ്കിനും കാക്കൂർ ഖാദി വ്യവസായ സംഘത്തിനും സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചു.
റിലേ , ലോംഗ് ജമ്പ് ഹർഡിൽസ് എന്നിവയിൽ മെഡലുകൾ നേടി. നാല് ലോക മീറ്റുകളിൽ പങ്കെടുത്തു മെഡലുകൾ നേടിയെന്ന ബഹുമതിക്കർഹനായി. ട്രാക്കിലും ഫീൽഡിലും നേട്ടങ്ങൾ കൊയ്ത് ചാമ്പ്യൻഷിപ്പ് നേടുന്ന എം.ജെയ്ക്ക് ഹർഡിൽസ് തന്നെയാണ് ഇഷ്ടയിനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |