ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് പള്ളിയോടു ചേർന്നിട്ടുള്ള വിവാദഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി വീണ്ടും തർക്കം. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ താത്കാലിക പരിഹാരമുണ്ടാക്കി.
പള്ളിയോടു ചേർന്നു കിടക്കുന്ന ആലങ്ങാട് ചന്തയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കാലങ്ങളായി പഞ്ചായത്തും പള്ളി അധികാരികളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഉടമവസ്ഥാവകാശം ഉന്നയിച്ച് പള്ളി അധികാരികൾ കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി കഴിഞ്ഞദിവസം തള്ളിയത്. ഭൂമിയുടെ ഉടമവസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും പള്ളി അധികൃതർക്ക് കഴിഞ്ഞില്ലെന്നു കാണിച്ചാണു ഹർജി തള്ളിയത്. തുടർന്ന് ഇന്നലെ വിവാദഭൂമി വൃത്തിയാക്കാനായി പഞ്ചായത്ത് അധികൃതർ എത്തിയതോടെ വിശ്വാസികളും പള്ളിയുമായി ബന്ധപ്പെട്ടവരും ചേർന്നു തടഞ്ഞു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് ആലങ്ങാട്, ബിനാനിപുരം, ആലുവ സ്റ്റേഷനുകളിൽ നിന്നു പൊലീസെത്തിയാണ് തടഞ്ഞത്. തുടർന്നു പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. പൊലീസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങൾ നടത്താമെന്നും തീരുമാനമായി.
കോടതി വിധി സാങ്കേതികം മാത്രമാണെന്നാണ് പള്ളി അധികാരികളുടെ വിശദീകരണം. വാദിയായ പള്ളി വികാരി രോഗാവസ്ഥയിലായതിനാൽ ഹാജരാകാതെ ഇരുന്നതിനാലാണ് ഹർജി തള്ളിയത്. കേസ് വീണ്ടുമെടുക്കുന്നതിന് കോടതി നിർദ്ദേശിച്ച പ്രകാരം ഫയൽ ചെയ്തിട്ടുണ്ടെന്നും പള്ളി സെക്രട്ടറി അറിയിച്ചു.
ആലങ്ങാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തോടു ചേർന്ന വസ്തുവിലാണ് പള്ളി അധികാരികൾ ഉടമസ്ഥാവകാശം ഉന്നയിച്ചിരിക്കുന്നതെന്നും ഇത് പള്ളിയുടെ പേരിൽ ചില തത്പര കക്ഷികൾ നടത്തുന്ന പ്രവർത്തനമാണെന്നും പഞ്ചായത്ത് അധികാരികൾ പറയുന്നു. സമാധന അന്തരീക്ഷം തകർക്കുന്നതിനും രാഷ്ട്രീയലാഭം നേടിയെടുക്കുന്നതിനുമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |