കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പതിവായി വാഹനം മോഷ്ടിക്കുന്ന യുവാക്കൾ ബൈക്ക് മോഷണശ്രമത്തിനിടെ കടവന്ത്ര പൊലീസിന്റെ പിടിയിലായി. ചങ്ങനാശേരി സ്വദേശികളായ മണ്ണാത്തിപ്പാറ പുല്ലുകാട്ടിൽ വീട്ടിൽ ഷാരോൺ (20), വാഴപ്പിള്ളി ചാവറ വീട്ടിൽ മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ബൈക്ക് മോഷണം പതിവായതോടെ നിരീഷണം കടുപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽയിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് പേരടങ്ങിയ സംഘം വാഹനം മേഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ പ്രതികൾ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് ഷാരോണിനെ സാഹസികമായി പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേഷിനെ ചങ്ങനാശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. മഹേഷ് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ വാഹനമോഷണക്കേസിലെ പ്രതിയാണ്.
കടവന്ത്ര പൊലീസ് ഇൻസ്‌പെക്ടർ പി.എം. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിനേശ് ബി, സജീവ്കുമാർ, അസി. സബ് ഇൻസ്‌പെക്ടർ സജിത് സോമൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു, ലിന്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |