
കൊച്ചി: ചൈനയിൽ പടരുന്ന എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്) ബംഗളൂരുവിലും സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇതുവരെ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അയൽ സംസ്ഥാനമായ കർണാടകയിൽ രോഗം എത്തിയതിനാൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളും പനിയുമാണ് രോഗലക്ഷണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളിലുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്. സ്കൂൾ അധികൃതർ കുട്ടികളോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.
രോഗലക്ഷണമുള്ള മുതിർന്നവരും പുറത്തിറങ്ങരുത്. ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാസ്ക് ഉപയോഗിക്കണം. ചിലഘട്ടങ്ങളിൽ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയോ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ ചെയ്യാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് പൊതുവേ രോഗം വ്യാപകമായി കാണപ്പെടുന്നത്.
നിലവിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. രോഗവ്യാപനം കുറയ്ക്കുക മാത്രമാണ് പ്രതിവിധി.
എന്താണ് എച്ച്.എം.പി.വി
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്.എം.പി.വി. 2001ൽ ആദ്യമായി തിരിച്ചറിഞ്ഞു. ന്യൂമോ വിരിഡേ ഗണത്തിൽപ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്നു. നവജാതശിശുക്കളിൽ ഗുരുതരമാകാം. അസുഖം മൂർച്ഛിച്ചാൽ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദർഭങ്ങളിൽ, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കും.
രോഗ വ്യാപനം
സമ്പർക്കം, സ്പർശനം, രോഗബാധിതർ ചുമയ്ക്കുകയോ തുമ്മകയോ ചെയ്യുന്നതിലൂടെയോ രോഗം പകരാം.
വൈറസിന്റെ സാന്നിദ്ധ്യമുള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതുവഴിയും രോഗം ഉണ്ടാവാം. സാധാരണയായി മൂന്നുമുതൽ ആറുദിവസം വരെയാണ് ഇൻക്യുബേഷൻ കാലയളവ്.
പ്രതിരോധം
1. 20 സെക്കൻഡെങ്കിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
2. കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക
3. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക.
4. വിശ്രമം അത്യാവശ്യമാണ്. ആശുപത്രിയിൽ ചികിത്സ തേടണം.
ജനങ്ങൾ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഏതെങ്കിലും തരത്തിൽ അസുഖങ്ങളുള്ളവർ പുറത്തിറങ്ങതെ വീട്ടിൽ വിശ്രമിക്കണം
ഡോ. കെ. സക്കീന
ജില്ലാ മെഡിക്കൽ ഓഫീസർ
രോഗലക്ഷണങ്ങൾ.
കടുത്ത ചുമ
മൂക്കൊലിപ്പ്
അടഞ്ഞ മൂക്ക്
പനി
തൊണ്ടവേദന
ഇവർ ശ്രദ്ധിക്കണം
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ
നവജാത ശിശുക്കൾ
പ്രായമായവർ
രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |