SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

50 പൂർവവിദ്യാർത്ഥികൾ 'അരയന്നങ്ങളാകും'  സെന്റ് തെരേസാസിന് സ്നേഹനൃത്തം

padam

കൊച്ചി: ഹംസധ്വനി... നൂറിന്റെ നിറവിൽ നിൽക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജിന് പൊന്നുമ്മപോലൊരു സമ്മാനം. 50 പൂർവ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ സംഗീത നൃത്ത ബാലെ. ജീവിതത്തിൽ കരുത്തുപകർന്ന കലാലയത്തിന് പൂർവ വിദ്യാർത്ഥി സംഘടന 'അസ്തയുടെ' സ്‌നേഹാർച്ചനയാണിത്. 11ന് വൈകിട്ട് ആറിന് കോളേജ് ഓഡിറ്റോറിയത്തിൽ നൃത്ത ബാലെ അരങ്ങേറും.

കഴിഞ്ഞ വർഷം കോളേജ് സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബൽ അലുമ്നി മീറ്റിൽ ഒത്തുചേർന്നപ്പോഴാണ് കലാലയമെന്നും ഓർത്തിരിക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കണമെന്ന് അസ്ത തീരുമാനിച്ചത്. ചർച്ചകൾ കൊഴുത്തു. സംഗീതനൃത്ത ബാലെയെന്ന മുൻ ആർട്‌സ് ക്ലബ് സെക്രട്ടറിയും നർത്തകിയുമായ സുമ വർമ്മയുടെ ആശയം അസ്ത കൈയടികളോടെ സ്വീകരിച്ചു. 150 വർഷം പഴക്കമുള്ള റഷ്യൻ ബാലെ 'ദി സ്വാൻ ലേയ്ക്ക്" ഇന്ത്യൻ ടച്ചിൽ അവതരിപ്പിക്കാമെന്നും തീരുമാനിച്ചു.

പൂർവവിദ്യാർത്ഥികളായ രമ്യാ നമ്പീശൻ, ദേവീ ചന്ദന, മൃദുല മുരളി തുടങ്ങി കോളേജിന്റെ യശസുയർത്തിയ നർത്തകിമാരും ചലച്ചി​ത്രതാരങ്ങളും തിരക്കുകൾ മാറ്റിവച്ച് ഹംസധ്വനിയുടെ ഭാഗമായി. ഇതിൽ 70 പിന്നിട്ട സുഷമയാണ് ടീമിനാകെ കരുത്ത്. ''ഒരു മണിക്കൂർ ബാലെ വിവിധഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. ഇന്ന് മുതൽ സമ്പൂർണ റിഹേഴ്‌സൽ തുടങ്ങും. പരിശീലനം കോളേജിൽ തന്നെയായതിനാൽ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപോലെയായിരുന്നു'' സുമ വർമ്മ പറഞ്ഞു.


 ദി സ്വാൻ ലെയ്ക്ക്
റഷ്യയിലെ പ്രസി​ദ്ധമായ ബാലെയാണ് 'ദി സ്വാൻ ലേയ്ക്ക്". പ്രണയമാണ് ഇതി​വൃത്തം. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവുമായി കോർത്തിണക്കിയാണ് പുനരാവിഷ്‌കാരം. പൂർവവിദ്യാർത്ഥികൾക്ക് പുറമേ നാല് പുരുഷന്മാരും ബാലേയിലുണ്ട്. കൃഷ്ണരാജാണ് സംഗീതം.

 കനിവും കാരുണ്യവും
1000, 750, 500 ടി​ക്കറ്റുകൾ വച്ചാണ് ബാലെ അവതരണം. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുപോയി. വരുമാനത്തിന്റെ പകുതി കോളേജ് വല്ലാർപാടത്ത് ആരംഭിക്കുന്ന കാരുണ്യനികേതൻ അഗതിമന്ദിരത്തിന്ന് കൈമാറും.

പൂർവവിദ്യാർത്ഥികളുടെ സഹകരണമാണ് ഹംസധ്വനിയുടെ വിജയം. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളും ബാലയിൽ ഭാഗമായിട്ടുണ്ട്.
മൃദുല സാറ വർഗീസ്
പ്രസിഡന്റ്
അസ്ത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL