
കൊച്ചി: മേഖലയിലെ ക്ഷീര കർഷകർക്കുള്ള സഹായങ്ങൾ വർദ്ധിപ്പിക്കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മിൽമ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള പറഞ്ഞു. ക്ഷീര സഹകരണ സംഘം, ക്ഷീര കർഷകർ എന്നിവർക്ക് ഇൻസെന്റീവ് ഉയർത്താൻ ആലോചനയുണ്ട്.
മിൽമ റിഫ്രെഷ്ഡ് വെജ് ഹോട്ടൽ രണ്ടിടത്തുണ്ട്. അത് തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങളിലുൾപ്പെടെ വിപുലീകരിക്കും. ഹോട്ടൽ ശൃംഖയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. നിലവിലുള്ള മിൽമ ഷോപ്പികൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് സഹായകമാകുന്ന തരത്തിൽ വിപുലീകരിക്കും. നിലവിൽ 150 എണ്ണമാണുള്ളത്. ഭാവിയിൽ റോഡരികുകളിൽ ഉൾപ്പെടെ മിൽമ ഷോപ്പികൾ സജ്ജമാക്കും.
മിൽമ ഉത്പാദിപ്പിക്കുന്ന പാൽ അനുബന്ധ ഉത്പന്നങ്ങൾ വർദ്ധിപ്പിക്കുക, പഴയ പ്ലാന്റുകൾ പുതുക്കുക തുടങ്ങിയവയും പദ്ധതികളിലുണ്ടെന്ന് വത്സലൻപിള്ള പറഞ്ഞു.
പ്രശ്‌നങ്ങൾ ഇല്ല
മിൽമ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. എന്നാൽ, തിരഞ്ഞെടുപ്പിന് മുമ്പ് ചില അനിഷ്ട നീക്കങ്ങൾ നടന്നിരുന്നുവെന്ന് മുൻ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താസമ്മേളനം ഉൾപ്പെടെ മുൻ ചെയർമാൻ എം.ഡി. ജയന്റെ നിർദ്ദേശം പ്രകാരവും സാന്നിദ്ധ്യത്തിലുമാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ജോൺ തെരുവത്ത് അടക്കം മൂന്ന് പേർ വിട്ടു നിന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |