
കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചി അതിഥ്യമരുളിയ മൂന്ന് ദിവസം നീണ്ടു നിന്ന സി.പി.എം ജില്ലാ സമ്മേളനം നഗരത്തെ ചെങ്കടലാക്കി റാലിയോടെയും റെഡ് വാളണ്ടിയർ മാർച്ചോടെയും സമാപിച്ചു. എറണാകുളം ടൗൺഹാളിലെ പ്രതിനിധി സമ്മേളനം സമാപിച്ചതിനു പിന്നാലെയാണ് രാജേന്ദ്ര മൈതാനത്തിനു സമീപത്തു നിന്ന് റാലിയും റെഡ് വാളണ്ടിയർ മാർച്ചും ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരെക്കൊണ്ട് നഗരം നാലരയോടെ തന്നെ തിങ്ങിനിറഞ്ഞു.
അഡ്വ.കെ.എസ്. അരുൺ കുമാർ ക്യാപ്റ്റനായ പതിനയ്യായിരത്തിലേറെ ചുവപ്പു സേനാംഗങ്ങളുടെ മാർച്ചിനും രണ്ടായിരത്തിലേറെ സ്ത്രീകൾ അണിനിരന്ന പ്രകടനത്തിനും പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ പൊതുസമ്മേളന നഗരിയായ മറൈൻഡ്രൈവ് മൈതാനത്തേക്ക് എത്തിയത്.
ഫോർഷോർ റോഡ്, എറണാകുളത്തപ്പൻ മൈതാനം, ഡർബാർഹാൾ മൈതാനം, രാജേന്ദ്ര മൈതാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പുസേനാ മാർച്ചും റാലിയും. ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.എൻ. മോഹനൻ, എസ്. സതീശ്, സ്വാഗത സംഘം ചെയർമാൻ അഡ്വ.എം. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
പൊതു സമ്മേളനം ഉദ്ഘാടത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന നഗരിയായ മറൈൻ ഡ്രൈവ് മൈതാനത്ത് തുറന്ന ജീപ്പിലെത്തി ചുവപ്പ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |