ചോറ്റാനിക്കര: അമ്പാടിമല കമ്മ്യൂണിറ്റി ഹാളിന് സമീപം വീടുകയറി ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. വടക്കേമലയിൽ സലിമിന്റെ ഭാര്യ അജിത (51), മകൾ സജിത (31), മരുമക്കളായ രതീഷ് (33), വിനീത് (36) എന്നിവർക്കാണ് പരിക്കേറ്റത്.
അജിതയുടെ സഹോദരന്റെ മകളെ വിവാഹം കഴിച്ച ഏരൂർ സ്വദേശി ബിൻസൺ ആന്റണിയും രണ്ടുപേരും ചേർന്നാണ് വീട് കയറി ആക്രമിച്ചത്. പ്രതിരോധിക്കാൻ എത്തിയ സലീമിന്റെ മരുമകൻ വിനീതിന്റെ കൈ തല്ലിയൊടിച്ചു. രതീഷിന്റെ കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സജിതയുടെ പല്ലുകൾ ഇളകിപ്പോയി. അജിതയ്ക്കും തലയിൽ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 9 ഓടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പ്രതികളെ പിടികൂടി ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുവെങ്കിലും രാത്രി തന്നെ വിട്ടയച്ചിരുന്നു . പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ഹോസ്പിറ്റലിലും എത്തിച്ചു. സലീമിന്റെ പരാതിയെ തുടർന്ന്
ചോറ്റാനിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |