
കാക്കനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ എത്തുന്ന സ്ഥലമായി ഐ.ടി നഗരമായ കാക്കനാട് മാറി. കഴിഞ്ഞ 10 മുതൽ 15വർഷത്തിനിടെയാണ് നഗരത്തിന്റെ മാറ്റം. സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല,മെട്രോ റെയിൽ,കിൻഫ്ര തുടങ്ങിയ വൻകിട പദ്ധതികൾ, നൂറു കണക്കിന് സംസ്ഥാന -കേന്ദ്ര സർക്കാർ ഓഫീസുകൾ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ് കേരളത്തിന്റെ ഐ.ടി ഹബ്ബായ തൃക്കാക്കര.
കാക്കനാട് പ്രദേശത്തു നിന്ന് പിടിക്കപ്പെടുന്ന ലഹരിക്കേസുകളുടെ എണ്ണം ദിനം പ്രതിയെന്നോണം വർദ്ധിച്ചിരിക്കുന്നു. ഒപ്പം കേസുകളിൽ പിടിയിലാവുന്നവരുടെ എണ്ണവും. ഇതിൽ കച്ചവട സാദ്ധ്യത കണ്ട് മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരും നാട്ടുകാരും ഉൾപ്പെടുന്നു. കഞ്ചാവ്, ബ്രൗൺഷുഗർ, എം.ഡി.എം.എ നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജമദ്യ വിപണനം തുടങ്ങിയവ ദിനംപ്രതിയെന്നപോലെയാണ് കാക്കനാട്, തൃക്കാക്കര മേഖലകളിൽ വർദ്ധിക്കുന്നത്.
ലക്ഷ്യം യുവാക്കൾ
ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സെസ്, കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ യുവതീ യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് മാഫിയകൾ കച്ചവടം നടത്തി വരുന്നത്. എളുപ്പവഴിയിൽ പണം കണ്ടെത്തുക മാർഗമായി ലഹരി കൈമാറ്റത്തെ കാണുന്ന ചെറുപ്പക്കാരാണ് കാരിയർമാർ. ആവശ്യക്കാരും യുവാക്കൾ തന്നെ. എം.ഡി.എം.എയും സിന്തറ്റിക് ഡ്രഗുമാണ് മാർക്കറ്റിൽ മുൻപിലെന്ന് പിടിക്കപ്പെടുന്ന കണക്കുകളിൽ നിന്ന് വ്യക്തം.
കച്ചവട രീതികൾ
1. തൃക്കാക്കര മേഖലയിലെ ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ചാണ് കൂടുതൽ വില്പന. വൻതുക വാടകയ്ക്ക് ഫ്ളാറ്റും അപ്പാർട്ട്മെന്റും എടുത്തതിനുശേഷം ലഹരി പാർട്ടികളും മയക്കുമരുന്ന് വില്പനയും ഉപയോഗവുമാണ് നടത്തുന്നത്. ഇങ്ങനെയുള്ള കാക്കനാട്ടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അടുത്ത വർഷങ്ങളിൽ പൊലീസും എക്സൈസും പിടികൂടിയ കുറ്റവാളികളുടെ എണ്ണം 500-1000 നുമിടയിലാണ്.
2. ലിവിംഗ് ടുഗതറിന്റെ മറവിന്റെ മറവിൽ യുവതി യുവാക്കൾ റൂമുകളും അപ്പാർട്ട്മെന്റുകളും ഫ്ളാറ്റുകളും വാടകയ്ക്ക് എടുത്ത് രാസലഹരി കച്ചവടം നടത്തുന്ന സംഭവങ്ങളുമുണ്ട്.
3. 24 മണിക്കൂർ കച്ചവടം നടത്തുന്ന പല കടകളിലും കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചു വരികയാണ്.
4. അന്യസംസ്ഥാന തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തുന്നവരിലൂടെയും ലഹരി കൈമാറ്റമുണ്ട്. ഇവരുടെ വഴിയോര കച്ചവടവുമായി ബന്ധപ്പെട്ടുൾപ്പെടെ ലഹരി കൈമാറ്റം നടക്കുന്നുണ്ട്.
നാളെ---തൃക്കാക്കര, കാക്കനാട് മേഖലയിൽ പൊലീസിനു പോലും രക്ഷയില്ല...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |