
കൊച്ചി: രുചിയൂറും വിഭവങ്ങൾ മാത്രമല്ല, മനസ് നിറയ്ക്കുന്ന കലാസൃഷ്ടികളും വഴങ്ങുമെന്ന് തെളിയിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾ. തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉൾപ്പെടെയുള്ളവർ നാടകവുമായി രംഗത്തെത്തി.
കെ.എച്ച്.ആർ.എ അംഗമായ അനിൽ പാലസ് രചിച്ച് ചലച്ചിത്ര സംവിധായകനും പ്രൊഫഷണൽ നാടകകലാകാരനുമായ രാജേഷ് കോട്ടപ്പടി സംവിധാനം ചെയ്ത വീണ്ടും ചില നാട്ടുവിശേഷങ്ങൾ എന്ന നാടകവുമായാണ് സംസ്ഥാന പ്രസിഡന്റും സംഘവുമെത്തിയത്.
ഹോട്ടൽ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരുന്നു പ്രമേയം. അനധികൃതമായ പരിശോധനകളും തട്ടുകട വ്യവസായവും പ്രമേയമായി.
സൈനികനായിരുന്ന റിട്ട. മേജർ പിള്ള നാടിന് സേവനമായി തുടങ്ങിയ ചായക്കടയായിരുന്നു കഥാപരിസരം. ചായക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ചിലർ നോട്ടമിട്ടിരുന്നു. പലവട്ടം വിലപറഞ്ഞിട്ടും പിള്ളയത് വിൽക്കുന്നില്ല. ഒടുവിൽ പിള്ളയുടെ ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയ ഭക്ഷണത്തിൽ എതിരാളികൾ വിഷം ചേർക്കുന്നു. തുടർന്ന് പിള്ള അറസ്റ്റിലായി. ഒടുവിൽ സത്യം തെളിഞ്ഞ് കുറ്റവിമുക്തനാകുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉൾപ്പെടെ നാടകത്തിൽ വിവരിച്ചു.
ജി.കെ. പിള്ളയായി സംസ്ഥാന പ്രസിഡന്റ്
മുഖ്യ കഥാപാത്രമായ ജി.കെ. പിള്ളയായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലാണ് രംഗത്തെത്തിയത്. ഇരുത്തം വന്ന നടനെപ്പോലെ പിള്ളയെ വേദിയിലവതരിപ്പിച്ച് പ്രസിഡന്റ് കൈയടി നേടി. പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമവതരിപ്പിച്ച് ഭാര്യ ജെസി ജയപാലും ശ്രദ്ധനേടി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശ ലില്ലി തോമസ്, ടി.കെ. മിനി, സംസ്ഥാന ഉപദേശക സമിതി അംഗം എൻ.പി. ഷിജു, എറണാകുളം ജില്ലാ ട്രഷറർ സി.കെ. അനിൽ, എൻ.എ. ലുക്മാൻ, ജില്ലാ കമ്മിറ്റി അംഗം സഫീർ, കെ.യു. നാസർ, സജി ഏലിയാസ്, ചാൾസ്, അബ്ദുൾ ഖാദർ എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്. ശ്രീദേവിയായിരുന്നു ഡബ്ബിംഗ്.
തിരക്കുകൾക്കിടയിലെ പരിശീലനം
ജോലി-സംഘടനാ തിരക്കുകൾക്കിടെ സമയം കണ്ടെത്തിയായിരുന്നു പരിശീലനം. സംസ്ഥാന വ്യാപകമായി 400 ലേറെ യൂണിറ്റുകളുള്ള സംഘടനയുടെ സമ്മേളനത്തിൽ 15,000ലേറെപ്പേരാണ് പങ്കെടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, പി.കെ. ബഷീർ എം.എൽ.എ തുടങ്ങിയവർ സമ്മേളന വേദിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |