SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

12കാരിയെ സുരക്ഷിത കരങ്ങളിൽ എത്തിച്ച പൊലീസിന്റെ രക്ഷാദൗത്യം

crime

കൊച്ചി: സമയം വൈകിട്ട് 6.30. എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് ആശങ്ക നിറഞ്ഞ മുഖവുമായി ദമ്പതികളെത്തി. 12വയസുകാരിയായ മകളെ കാണാനില്ലെന്നായിരുന്നു പരാതി. കലൂരിന് സമീപത്തെ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വന്നിട്ടില്ല. പിന്നീടുള്ള 4.30 മണിക്കൂർ കൊച്ചി സിറ്റി പൊലീസ് വിശ്രമിച്ചില്ല.

രക്ഷാദൗത്യം ഇങ്ങനെ.

സീൻ 1
സ്കൂളിൽ കൊണ്ടുപോയ അമ്മയുടെ മൊബൈൽ ടീച്ചർ പിടിച്ചതിലുള്ള ആശങ്കയിലാണ് കുട്ടി വീട്ടിലേക്ക് പോകാത്തതെന്ന് പൊലീസ് മനസിലാക്കി. ഒരു ടീം സ്കൂളിന് സമീപത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചു. ഇതേസമയം നോർത്ത്, മുളവുകാട്, സെൻട്രൽ പൊലീസ് സംഘവും തിരിച്ചിൽ തുടങ്ങി. കൺട്രോൾ റൂം വഴിയും ഏകോപനം. കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യം സ്കൂളിന് സമീപത്തെ ക്യാമറയിൽ ലഭിച്ചത് നിർണായകമായി. പൊറ്റക്കുഴിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തി 5.30ഓടെ മടങ്ങിയെന്നും വിവരം ലഭിച്ചു.

സീൻ 2
5.30ന് ശേഷം പൊറ്റക്കുഴിയിലെ ബേക്കറിയിലെ സി.സി ടിവിയിൽ നിന്ന് പച്ചാളം ഭാഗത്തേയ്ക്ക് സൈക്കിളിൽ പോകുന്ന ദൃശ്യം കിട്ടി. പച്ചാളത്തെ ക്യാമറകളിലൊന്നും കുട്ടി പതിഞ്ഞില്ല. റെയിൽവേ ക്രോസ് കടന്ന് ക്യൂൻസ് വേയിലേക്ക് പോകാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് പൊലീസ് അവിടെയെത്തി.

സൈക്കിൾ ചവിട്ടിപോകുന്ന ദൃശ്യം അവിടെ നിന്ന് കിട്ടയതോടെ ആശങ്കയേറി. കൊച്ചിക്കായലും ഗോശ്രീപാലും തന്നെയായിരുന്നു ആധി കൂട്ടിയത്. സമയം രാത്രി 10. പൊലീസ് മറൈൻഡ്രൈവ്, കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ജനറൽ ആശുപത്രി എന്നിവിടങ്ങൾ അരിച്ചുപെറുക്കി. ഒരു സംഘം കാളമുക്ക് ഭാഗത്തേയ്ക്കും തിരിച്ചു.

സീൻ 3

ഡി.സി.പി അശ്വതി ജിജി, എ.സി.പി ജയകുമാർ, സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എല്ലാം മുന്നിട്ടിറങ്ങി. മാതാപിതാക്കളെയും ഒപ്പംകൂട്ടി. തിരച്ചിൽ ചാനലുകളിൽ വാർത്തയായി. പൊലീസ് കൊച്ചിയാകെ തിരയുന്നതറിയാതെ നായരമ്പലത്തെ അമ്മ വീട്ടിലേക്കുള്ള സൈക്കിൾ യാത്രയിലായിരുന്നു കുട്ടി. അമ്മവീടിന് അടുത്തെത്തിയെങ്കിലും പേടിമൂലം കയറിയില്ല. സമീപത്തെ അമ്പലപ്പറമ്പിൽ പോയിരുന്നു. തിരികെ എറണാകുളം ഭാഗത്തേയ്ക്ക് പോന്നു.

 സീൻ 4

ഗോശ്രീപാലത്തിന് സമീപത്ത് വച്ച് കുട്ടിയെ കണ്ട ഡി.പി. വേൾഡിലെ ഫയർമാൻ ജോർജ് ജോയാണ് മുളവുകാട് പൊലീസിന് നിർണായക വിവരം കൈമാറിയത്. തുടർന്ന് പൊലീസെത്തി. 11.55ന് കുട്ടിയെ കണ്ടെത്തിയതോടെ മാതാപിതാക്കൾക്കും പൊലീസുകാർക്കും സന്തോഷം. കമ്മിഷണർ പുട്ട വിമലാദിത്യ മുതൽ എളമക്കര പൊലീസിലെ സി.പി.ഒവരെ ഭാഗമായ ദൗത്യത്തിൽ ജോർജ് ജോയി നിർണാക കണ്ണിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL