SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

ആർമി ടവർ പൊളിക്കൽ: കേന്ദ്രമന്ത്രിയുടെ ഭാര്യയ്ക്കും മുൻ സൈന്യാധി​പർക്കും ഫ്ളാറ്റ്

tower

കൊച്ചി: നിർമ്മാണപ്പി​ഴവ് മൂലം തകർച്ചാഭീഷണിയിലായ വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവറിലെ ഫ്ളാറ്റ് ഉടമകളിൽ കേന്ദ്രമന്ത്രിയുടെ ഭാര്യ മുതൽ കരസേനയുടെയും നാവികസേനയുടെയും അത്യുന്നതർ വരെ. കരസേനയുടെ ഭാഗമായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ.) നിർമ്മിച്ച മൂന്നു ടവറുകളിൽ 29 നിലകൾ വീതമുള്ള ബി, സി ടവറുകളാണ് പൊളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 17 നിലയുള്ള എ ടവറിന് കുഴപ്പമില്ല. ഇതിലാണ് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യന്റെ ഭാര്യ റിട്ട. ലെഫ്. കേണൽ ഒ.ടി. അന്നമ്മയുടെ പേരിലുള്ള 204-ാം നമ്പർ ഫ്ളാറ്റ്. വാടകക്കാരാണ് ഇപ്പോൾ താമസം.

കരസേന ഉപസൈന്യാധിപനായിരുന്ന ലെഫ്. ജനറൽ ശരത് ചന്ദിന്റെ പേരിൽ ബി ടവറിൽ 2-203, സി ടവറിൽ​ 2-002 നമ്പർ ഫ്ളാറ്റുകളും മകൻ മേജർ അഭി​ലാഷ് ചന്ദി​ന്റെ പേരി​ൽ ബി​ ടവറി​ൽ 2-303 നമ്പർ ഫ്ളാറ്റുമുണ്ട്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റ് തട്ടുപൊളിച്ച് ബന്ധിപ്പിച്ച് ഡ്യൂപ്ളെക്സ് ഫ്ളാറ്റാക്കിയതിൽ പരാതികളും ഉയർന്നതാണ്. അടുത്തി​ടെ വി​രമി​ച്ച ശരത് ചന്ദ് എ.ഡബ്‌ള്യു.എച്ച്.ഒ. ബോർഡ് ഒഫ് ഗവർണേഴ്സ് വൈസ് പ്രസി​ഡന്റായിരിക്കെയാണ് ചന്ദേർകുഞ്ജ് നിർമ്മിച്ചത്.

കരസേനയുടെ മൂന്നാം പദവി​യായ മേജർ ജനറൽ പി​. രാജഗോപാലായി​രുന്നു ചന്ദേർകുഞ്ജ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്. മറ്റ് മൂന്ന് മേജർ ജനറൽമാരും തൊട്ടുതാഴെയുള്ള ബ്രിഗേഡിയർ പദവിയിലെ പത്തിലേറെപ്പേരും താമസക്കാരായുണ്ട്. നാവികസേനയിൽ മൂന്നാമനായിരുന്ന റിയർ അഡ്മിറൽ അശോകൻ പത്മനാഭനും റെസി. അസോസിയേഷൻ പ്രസിഡന്റായിരുന്നു. കൊച്ചി സതേൺ നേവൽ കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ് റിട്ട. റിയർ അഡ്മിറൽ എം.ഡി. സുരേഷും ഫ്ളാറ്റുടമയാണ്. എല്ലാവരുടെയും പേരുകൾ ഉടമകളുടെ ബോർഡിൽ തങ്കലിപികളിലുണ്ട്.

 ഉന്നതർ അനങ്ങിയില്ല

എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കെതിരെ നിരവധി പരാതികൾ ഏതാനും പേർ നൽകിയെങ്കിലും ഉന്നതർ ഒന്നും അനങ്ങിയില്ല. പ്രശ്നം ഒതുക്കി​തീർക്കാനും പുറത്തുവരാതെ നോക്കാനുമായിരുന്നു ശ്രമം. പരാതി​യുമായി​ പോയവരെ ക്രിമിനൽ കേസുകളിൽ വരെ കുടുക്കി. റെസിഡൻസ് അസോസിയേഷനും എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കൊപ്പം നിന്നു. അവസാനഘട്ടത്തിൽ അസോസിയേഷൻ രണ്ടായി. എന്നി​ട്ടും എ.ഡബ്‌ള്യു.എച്ച്.ഒയെയും സാരഥി​കളെയും കരാർ കമ്പനികളെയും രക്ഷി​ക്കാനാണ് ശ്രമങ്ങൾ.

ചന്ദേർകുഞ്ച്

ഫ്ളാറ്റുകൾ

എ ടവർ : 104

ബി​ ടവർ : 104

സി​ ടവർ : 52

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL