
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രണ്ടു വിദ്യാർത്ഥികൾ മരിച്ച മേപ്പാടി മൗണ്ട് തബോർ ഇംഗ്ളീഷ് സ്‌കൂളിലെ 42 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള (സി.സി.എസ്.കെ) തീരുമാനിച്ചു. കൗൺസിൽ ഭാരവാഹികൾ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ചു.
ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടപ്പെട്ട 42 വിദ്യാർത്ഥികളുടെ തുടർപഠനം യോഗം ചർച്ച ചെയ്‌തു. സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയാൽ പഠനത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന സാഹചര്യത്തിലാണ് പഠനച്ചെലവ് ഏറ്റെടുക്കാൻ കൗൺസിൽ തീരുമാനിച്ചത്. പത്താം ക്ളാസ് വരെയുള്ള പഠനച്ചെലവ് സി.സി.എസ്.കെ ഏറ്റെടുക്കും.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് നാഷണൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിലാണ് ഭാരവാഹികൾ ദുരന്തസ്ഥലം സന്ദർശിച്ചത്. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, കൗൺസിൽ മേഖലാ ഭാരവാഹികളായ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, നീലകണ്ഠ അയ്യർ, ഫാ. സ്‌കറിയ എതിരേറ്റിൽ, ജില്ലാ ഭാരവാഹികളായ ഫാ. മാത്യു കരീത്തറ, സുരേന്ദ്രൻ, ഫാരിസ്, ഫാ. സാബു കൂടാരപ്പാട് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |