കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സിംഗപ്പൂരിലേക്ക്. സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം സിംഗപ്പുർ സർക്കാരിനെ ബന്ധപ്പെട്ടു.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ സിംഗപ്പൂർ പൗരനായ മുസ്തഫ കമാലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. രാജ്യത്തുനിന്ന് തട്ടിയ കോടികൾ മുസ്തഫ കമാലിന്റെ അക്കൗണ്ടുകളിൽ എത്തിയെന്ന് വ്യക്തം. തട്ടിപ്പ് സംഘത്തിലെ കണ്ണികളായ തമിഴ്നാട് സ്വദേശികൾ കടലാസ് കമ്പനികൾ നിർമ്മിച്ചത് മുസ്തഫ കമാലിന്റെ നിർദ്ദേശ പ്രകാരമെന്നും സോഫ്റ്റ് വെയർ ഡിജിറ്റൽ സേവനങ്ങളുടെ പേരിൽ വ്യാജ ഇൻവോയ്സുകൾ തയ്യാറാക്കിയാണ് സിംഗപ്പുരിലേക്ക് പണം കടത്തിയതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
കേസിൽ കഴിഞ്ഞദിവസം തട്ടിപ്പിന് ഇടനിലക്കാരായ കോഴിക്കോട് സ്വദേശി സായിദ്, കൊച്ചി സ്വദേശി വർഗീസ് എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 500 ലധികം ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തട്ടിപ്പു സംഘത്തിന് നൽകിയത്. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് നേരത്തെ പിടിയിലായവർ.
ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപയാണ് രണ്ട് വർഷത്തിനിടെ സംഘം തട്ടിയെടുത്തത്. തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പത്ത് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി കൊച്ചി യൂണിറ്റിന്റെ അന്വേഷണം. 2023ലാണ് സംഘത്തിന്റെ തട്ടിപ്പുകളുടെ തുടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |