SignIn
Kerala Kaumudi Online
Friday, 23 October 2026 9.10 AM IST

കുസാറ്റിൽ വിദ്യാർത്ഥികൾ 'എത്‌നിക് ഡേ' സമരത്തിൽ

cusat

കൊച്ചി: കൊച്ചി സർവകലാശാലയിൽ (കുസാറ്റ്)'എത്‌നിക് ഡേ' സംഘടിപ്പിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം നിരസിച്ചതിനു പിന്നാലെ സർവകലാശാലയിൽ സമരകാഹളം. സ്‌കൂൾ ഒഫ് എൻജിനിയറിംഗിനു കീഴിലെ വിദ്യാർത്ഥികൾ ദിവസങ്ങളായി ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തിലാണ്.

ക്യാമ്പസിനുള്ളിലെ 1,000 പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഗ്രൗണ്ടിൽ 3000 പേരെ പങ്കെടുപ്പിച്ച് വൈകിട്ട് പരിപാടി നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പരിപാടിക്ക് പുറത്തു നിന്നൊരു ബാൻഡിനെ കൂടി ക്ഷണിക്കുന്നുവെന്നും അറിഞ്ഞതോടെയാണ് അനുമതി നിഷേധിച്ചതെന്ന് സർവകാശാലാ അധികൃതർ വ്യക്തമാക്കുന്നു.

സംഗീത പരിപാടികൾ ഉൾപ്പെടെ നടത്തുന്നത് സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നുമാണ് സർവകലാശാല നിലപാട്. വൈകിട്ടായതിനാൽ സർവകലാശാലയ്ക്കുള്ളിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരും പരിപാടിക്കെത്തും. എണ്ണം 4,000 കടക്കും. സർവകലാശാലയ്ക്ക് സമീപത്തെ കോളേജുകളിൽ നിന്ന് വിദ്യാർത്ഥിക്കൂട്ടം കേട്ടറിഞ്ഞെത്തും. അതോടെ കാര്യങ്ങൾ നിയന്ത്രണാതീതമാകും. അതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

2023 നവംബർ 25ന് കുസാറ്റിൽ നടന്ന ധിഷണ ടെക്‌ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് ജീവനുകൾ പൊലിഞ്ഞതാണ് അധികൃതരെ അനുമതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

പിടിവാശിയെന്ന് വിദ്യാർത്ഥികൾ

അഞ്ചു മാസം മുമ്പ് മുതൽ ഒരു പരിപാടി നടത്തുന്നതിനു പിന്നാലെയാണ് തങ്ങളെന്ന് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ കേരളകൗമുദിയോട് പറഞ്ഞു. ക്രിസ്മസ് ഗാല എന്നപേരിൽ ഡിസംബറിൽ നടത്താനായിരുന്നു പദ്ധതി. അത് മാറ്റിവച്ചു. പിന്നീടാണ് മാർച്ച് 10ന് 'എത്‌നിക് ഡേ' നടത്താൻ പദ്ധതി​യിട്ടത്. സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ അദ്ധ്യാപകർ തുടക്കം മുതൽ എതിരായി. ഇതിന്റെ ചുവടുപിടിച്ചാണ് സർവകലാശാല അനുമതി നിഷേധിക്കുന്നത്. മുൻപൊരു അപകടം സംഭവിച്ചത് ചൂണ്ടിക്കാട്ടി എല്ലാ പരിപാടിക്കും അനുമതി നിഷേധിക്കുന്നതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്നും വിദ്യാർത്ഥികൾ പറയുന്നു.

തിങ്കളാഴ്ച യോഗം

വിഷയം ചർച്ച ചെയ്യാൻ പലതവണ യോഗം ചേർന്നിരുന്നു. അദ്ധ്യാപകരും സർവകലാശാലാ അധികൃതരും രക്ഷിതാക്കളും ഉൾപ്പെടുന്ന സംയുക്ത യോഗം തിങ്കളാഴ്ചയുണ്ട്. പുറമേ നിന്നുള്ള ബാൻഡ് ഒഴിവാക്കാതെ പരിപാടിക്ക് അനുമതി നൽകില്ലെന്ന നിലപാട് സർവകലാശാല യോഗത്തെ അറിയിക്കും.


മാനദണ്ഡങ്ങൾ മാത്രമാണ് സർവകലാശാല നോക്കുക. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം.
ഡോ. ജുനൈദ് ബുഷരി
വൈസ് ചാൻസലർ, കുസാറ്റ്

വിദ്യാർത്ഥികൾക്കൊപ്പമാണ് കോളേജ് യൂണിയൻ. 1,000പേരെ പങ്കെടുപ്പിച്ച് ജനുവരി 30ന് യൂണിയൻ പരിപാടി സംഘടിപ്പിച്ചിരുന്നു.
കുര്യൻ ബിജു
ചെയർമാൻ,

കുസാറ്റ് സർവകലാശാലാ യൂണിയൻ

ഏത് പരിപാടിക്കും അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല
തോഹ
വിദ്യാർത്ഥി,സ്‌കൂൾ ഒഫ് എൻജിനിയറിംഗ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL