
കൊച്ചി: വരുദിവസങ്ങളിൽ വെയിലേറ്റാൽ പണികിട്ടും. മനുഷ്യ ശരീരത്തിന് ദോഷകരമായ രീതിയിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ ശക്തി ഉയർന്നേക്കുമെന്ന് വിദഗ്ദ്ധർ.കഴിഞ്ഞ ദിവസങ്ങളിൽ അൾട്രാവയലറ്റ് സൂചിക (യു.വി ഇൻഡെക്സ്) ക്രമാതീതമായി ഉയർന്നപ്പോൾ എറണാകുളം ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളും യെല്ലോ അലെർട്ടിലായി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനത്തിൽ 20 മുതൽ യു.വി ഇൻഡെക്സ് 12 വരെ ഉയർന്നേക്കാം. ദുരന്തനിവാരണ അതോറിട്ടി സ്ഥാപിച്ച 14 സ്റ്റേഷനുകളും യു.വി സൂചികയിലെ വ്യതിയാനം നിരീക്ഷിക്കുന്നുണ്ട്.
ഭൂമിയിലെത്തുന്നത് തരംഗ ദൈർഘ്യം കുറഞ്ഞ യു.വി
തരംഗദൈർഘ്യത്തിന്റെ തോതനുസരിച്ച് യു.വി രശ്മികളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. തീവ്രതയേറിയ ബി,സി രശ്മികളെ ഓസോൺ പാളികൾ ആഗിരണം ചെയ്യും. ശക്തി കുറഞ്ഞ എ തരംഗമാണ് ഭൂമിയിൽ പതിക്കുന്നത്.
യു.വി.സൂചിക
6-7 : യെല്ലോ
8-10 : ഓറഞ്ച്
11 മുതൽ : റെഡ്
മനുഷ്യജീവന് ആപത്ത്
കാൻസറിന് കാരണമായേക്കാവുന്ന കിരണങ്ങൾ അടങ്ങുന്നതാണ് അൾട്രാ വയലറ്ര് രശ്മികൾ. അതിനാൽ അമിതതോതിൽ യു.വി രശ്മികൾ ഏൽക്കുന്നത് നല്ലതല്ല. ചർമ്മത്തിൽ പൊള്ളലേറ്ര് കരുവാളിപ്പുണ്ടാകും.
തടത്തുനിറുത്തും മേഘങ്ങൾ
യു.വി സൂചിക കൂടുന്നതിന് കാരണങ്ങൾ പലതാണ്. മേഘങ്ങൾ കൂടുതലാണെങ്കിൽ അൾട്രാവയലറ്ര് കിരണങ്ങളെ തടയും. മേഘങ്ങൾ ചിന്നിച്ചിതറിയാൽ അൾട്രാവയലറ്റിന്റെ ശക്തി കൂടും. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുതലാണെങ്കിലും യു.വി രശ്മികൾ ദുർബലമാകും. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി സൂചിക ഉയരും. ജലാശയം, മണൽ തുടങ്ങിയവയിൽ അപായസാദ്ധ്യത കൂടുതലാണ്.
മുൻകരുതലുകൾ
1. പകൽ 10 മുതൽ മൂന്നുവരെ യു.വി ഇൻഡക്സ് തോത് ശക്തമായതിനാൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
2. നേത്ര, ചർമരോഗികളും ക്യാൻസർ രോഗികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പുറം ജോലികളിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണം.
3. സൺഗ്ലാസ്, തൊപ്പി, കുട, ദേഹം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ എന്നിവ ധരിക്കണം
ദക്ഷിണധ്രുവത്തിൽ നിന്ന് സൂര്യൻ ഉത്തരായന ധ്രുവത്തിലേക്ക് പ്രവേശിച്ചതോടെ ചൂട് ശക്തമായി. 11 വർഷം കൂടുമ്പോൾ നടക്കാറുള്ള സോളാർ ആക്റ്രിവിറ്റിയും മറ്രൊരു കാരണമാണ്. ഈ കാലയളവിൽ സൂര്യരശ്മികൾ കൂടുതൽ ശക്തമായി പ്രവഹിക്കും.
ഡോ.അജിൽ കോട്ടയിൽ
ശാസ്ത്രജ്ഞൻ
അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച്
കുസാറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |