
കൊച്ചി: വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്ത 12,000 കേസുകളിൽ ജില്ലയിൽ തീർപ്പാക്കാനുള്ളത് 11,000എണ്ണത്തിലേറെ. 1986 മുതലുള്ള കേസുകളിലാണിത്. ആയിരത്തിലേറെ എണ്ണം അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കി. ഒന്നരക്കോടിയിലേറെ രൂപ തിരികെ അടപ്പിച്ചു.
സബ് രജിസ്ട്രാർ ഓഫീസിൽ വില കുറച്ചു കാണിച്ച് 1986 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത അണ്ടർ വാല്യൂവേഷൻ നടപടികൾ നേരിടുന്ന കേസുകൾക്ക് മാത്രമായി സെറ്റിൽമെന്റ് കമ്മിഷനെ വരെ നിയോഗിച്ചാണ് സർക്കാറിന്റ തീർപ്പാക്കൽ നടപടി. ജില്ലയിലെ 25 സബ് രജിസ്ട്രാർ ഓഫീസുകളിലായാണ് 12,000കേസുകൾ ഓഫീസർമാർ കണ്ടെത്തിയത്.
മതിപ്പുവിലയിൽ നിന്ന് ഏറെ കുറവാണെന്ന് സബ് രജിസ്ട്രാർക്ക് തോന്നുന്ന വസ്തുവുടമകൾക്കാണ് നോട്ടീസ് അയക്കുക. സമീപത്തെ വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നോ മറ്റുള്ളവർ പരാതിപ്പെടുന്നതിൽ നിന്നോ ആണ് ഇത് കണ്ടെത്തുക. മൂന്ന് തവണ ഹിയറിംഗ് നോട്ടീസ് അയക്കുക. ഇതിനു ശേഷം റവന്യൂ റിക്കവറിയിലേക്ക് കടക്കാമെങ്കിലും നടപ്പാക്കാറില്ല.
വിലകുറയ്ക്കൽ ലാഭം നോക്കി..
മുദ്രപ്പത്ര നികുതി, മുദ്രപ്പത്രവില എന്നിവയുടെ ലാഭം നോക്കിയാണ് ആളുകൾ മതിപ്പുവിലയേക്കാൾ വിലകുറച്ച് വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നത്. എപ്പോഴെങ്കിലും പിടിവീഴുമ്പോൾ തിരിച്ചടക്കേണ്ടിവരും. തിരിച്ചടവിനു നിർദ്ദേശിച്ചാലും അത് അടയ്ക്കാൻ സമയപരിധിയില്ലെന്നതാണ് മറ്റൊരു വലിയ പ്രശ്‌നം. ആളുകൾ ഇത് മുതലാക്കുകയാണ് പതിവ്.
സെറ്റിൽമെന്റ് അദാലത്ത്
സ്റ്റാമ്പ് ഡ്യൂട്ടിയുടെ 60 ശതമാനവും രജിസ്‌ട്രേഷൻ ഫീസിന്റെ 75 ശതമാനവും വരെ ഇളവ് നൽകാൻ സെറ്റിൽമെന്റ് കമ്മിഷന് അധികാരമുണ്ട്. 2017 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകൾക്ക് ഫീസ് പൂർണമായും ഒഴിവാക്കി 50 ശതമാനം മാത്രം കുറവു സ്റ്റാമ്പ് ഡ്യൂട്ടി അടച്ചും തീർപ്പാക്കാവുന്ന കോമ്പൗണ്ടിംഗ് പദ്ധതിയും ഇപ്പോൾ നടക്കുന്നുണ്ട്.
അണ്ടർ വാല്യുവേഷൻ കേസുകൾ---12,000
തീർപ്പാക്കിയത്---1000
സർക്കാരിലേക്ക് ലഭിച്ചത്---ഒന്നരക്കോടി
സെറ്റിൽമെന്റ് തീയതി--- 2025 മാർച്ച് 31
സ്റ്റാമ്പ് ഡ്യൂട്ടിയുടെ 60 ശതമാനവും രജിസ്‌ട്രേഷൻ ഫീസിന്റെ 75 ശതമാനവും വരെ ഇളവ് നൽകാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |