
ഭാര്യയെയും മക്കളെയും തോക്കിൻമുനയിൽ നിറുത്തി, മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ജീവനെടുത്ത തീവ്രവാദികൾക്ക് പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയുടെ അഭിമാനത്തിലാണ് മലയാളികളും. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ഭാര്യക്കും മക്കൾക്കും പേരക്കുട്ടികൾക്കും മുന്നിലാണ് കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. മധുവിധു ആഘോഷത്തിനിടെ കൊല്ലപ്പെട്ട കൊച്ചി നാവികത്താവളത്തിലെ ലഫ്റ്റനന്റ് വിനയ് നർവാളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ അഭിമാനം ജനങ്ങൾ പങ്കിടുന്നു.
ഭാരതസ്ത്രീകളുടെ സിന്ദൂരത്തിന്റെ ശക്തി ഭീകരവാദികളെയും പാകിസ്ഥാനെയും തിരിച്ചടിച്ച് അറിയിക്കണം. ഭാരതത്തിന്റെ ഓരോ വെടിയുണ്ടയും അഭിമാനത്തിന്റെ വിലയായി രാഷ്ട്രം ഞങ്ങൾക്ക് തിരിച്ചു നൽകണം.
ബിജി ജോസഫ്
അദ്ധ്യാപിക
എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ, നീലീശ്വരം
പാക് അധീന കാശ്മീരിലും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ നമ്മുടെ സൈന്യം ചാരമാക്കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷമാണുണ്ടായത്. ഓപ്പറേഷൻ സിന്ദൂർ രാജ്യം ആഗ്രഹിച്ച മറുപടിയാണ്. കുറ്റം ചെയ്ത ഭീകരരെ മാത്രം ഇല്ലാതാക്കിയ സേനയ്ക്ക് ബിഗ് സല്യൂട്ട്.
ഐശ്വര്യ പ്രഭാകർ
വിദ്യാർത്ഥിനി
ഡി.ബി. കോളേജ് കീഴൂർ
കേണൽ സോഫിയ ഖുറേഷിക്കും വിംഗ് കമാൻഡർ വ്യോമിക സിംഗിനും സല്യൂട്ട്. തീവ്രവാദികൾക്ക് ഇതിലും മികച്ച മറുപടി എങ്ങനെ കൊടുക്കാൻ! രാജ്യചരിത്രത്തിൽ ആദ്യമായാണ് വനിതകൾ സൈനിക നീക്കം വിശദീകരിക്കുന്നത്. തിരിച്ചടിയെക്കുറിച്ച് ഒട്ടും ഭയമില്ലാതെ ലോകത്തോട് ഭാരതം സംസാരിച്ചത് ഇവരിലൂടെയാണ്.
കെ.സി ഉത്തമൻ
ചോറ്റാനിക്കര
നെറ്റിയിലെ സിന്ദൂരം മായ്ക്കപ്പെട്ട സഹോദരിമാർക്ക് വേണ്ടി നടന്ന ഓപ്പറേഷൻ സിന്ദൂർ ഭീകരർക്ക് നൽകിയ ചുട്ട മറുപടിയാണ്. ഭീകരരെ തുടച്ചുനീക്കുന്നതോടൊപ്പം അവർക്ക് ആയുധങ്ങളും പരിശീലനവും നൽകുന്നവരെയും ഇല്ലാതാക്കണം. കൃത്യമായി തിരിച്ചടിച്ച സേനയ്ക്ക് സല്യൂട്ട്.
അരുൺ വി. ദേവ്
കൂത്താട്ടുകുളം
ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിക്കും വരെ പോരാടാൻ ഇന്ത്യക്ക് കരുത്തും പ്രതിരോധ, സാങ്കേതിക സംവിധാനങ്ങളുമുണ്ടെന്ന് ഓപ്പറേഷൻ സിന്ദൂർ ബോധ്യമാക്കി. പഹൽഗാമിൽ കൺമുന്നിൽ പ്രിയപ്പെട്ടവർ വെടിയേറ്റു വീഴുന്നത് കണ്ടവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് പ്രത്യാക്രമണം.
ഹരി രുദ്രൻ
പട്ടിമറ്റം
ഉറ്റവരെ നഷ്ടപ്പെട്ട സഹോദരിമാർക്കുള്ള ആദരമാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരാക്രമണത്തിൽ മരിച്ചവരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഇന്ത്യക്കാർക്ക് അഭിമാനം നൽകിയ വീര ജവാന്മാർക്ക് ബിഗ് സല്യൂട്ട്. ഭീകരവാദം തുടച്ചുനീക്കാൻ സൈന്യത്തിന് കഴിയട്ടെ.
ജിൻസി ജേക്കബ്
തൃപ്പൂണിത്തുറ
ഓപ്പറേഷൻ സിന്ദൂർ ഓരോ ഭാരതീയനും അഭിമാനമാണ്. പാക് ഭീകരർക്കെതിരെ സൈന്യം നടത്തിയത് അഭിമാന പോരാട്ടമാണ്. ഓരോ ഭാരതീയന്റെയും ആത്മവിശ്വാസമാണ് വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിൽ ഭീകരവാദികൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് ഓപ്പറേഷൻ വ്യക്തമാക്കി.
എം.എസ്. ആതിഥ്യ
ബിരുദ വിദ്യാർത്ഥി, ആലുവ.
ഇന്ത്യൻ നടപടി അനിവാര്യവും ഇന്ത്യക്കാരുടെ ആത്മാഭിമാനത്തിന് അത്യന്താപേക്ഷിതവുമാണ്. പാക്കിസ്ഥാനിലെ ഭീകരവാദികൾക്കെതിരെ കേന്ദ്ര സർക്കാരിന്റെയും സൈന്യത്തിന്റെയും പ്രവർത്തനങ്ങൾക്ക് ബിഗ് സല്യൂട്ട്.
ടി.എം. വർഗീസ്
മൂക്കന്നൂർ
ഭീകരപ്രവർത്തകരുടെ കേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂർ' അഭിമാനകരമാണ്. ഭീകരവാദം മാനവരാശിയെ ഒന്നടങ്കം ബാധിക്കുന്ന ആഗോള പ്രശ്‌നമാണ്. സാധാരണ പൗരന്മാരുടെ ജീവനും സ്വത്തിനും ദോഷം വരുത്താത്ത ദൗത്യമാണ് ആവശ്യം.
സന്തോഷ് മേലേകളത്തിൽ
ഐ.ബി.എം, ഇൻഫോപാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |