SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

വോട്ട് ..? വൊ ക്യാ ഹെ ?... 

migrant

കോലഞ്ചേരി: വോട്ട് ..? വൊ ക്യാ ഹെ ?... ചുനാവ്.. വൊ പതാ നഹീം. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരെങ്കിലും തിരികെ ഈ ചോദ്യമുന്നയിക്കും. തിരഞ്ഞെടുപ്പിനെ കുറിച്ചൊന്നും ഈ ഭായിമാർക്കറിയില്ല. കാരണം അവരിൽ പലരും ഇതുവരെ വോട്ട് ചെയ്തിട്ടില്ല. എങ്കിലും ഇവിടുത്തെ തിരഞ്ഞെടുപ്പ് പൂരത്തിൽ അവർ സജീവമാണ്. പോസ്റ്ററൊട്ടിക്കാനും ബോർഡ് വയ്ക്കാനും മതിലിൽ വെള്ളപൂശാനും കൊടിതോരണങ്ങൾ കെട്ടാനും വരെ അവർ റെഡി.

തിരഞ്ഞെടുപ്പ് റാലിക്കും പൊതു സമ്മേളനത്തിനും ശക്തി പ്രകടനങ്ങൾക്കും ആളെ കൂട്ടണോ? അതിനും റെഡി. ഒ​റ്റ കാര്യം മാത്രം, പണി കഴിയുമ്പോൾ കൂലി കറക്ടായി കിട്ടണം. ഒരു മുന്നണിയിലെ ഘടക കക്ഷിയോട് തിരഞ്ഞെടുപ്പ് റാലിക്കായി മുന്നണി നേതൃത്വം ആവശ്യപ്പെട്ടത് 200 പേരെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്നാണ്. മണ്ഡലത്തിൽ അമ്പത് പേർ തികച്ചില്ലാത്ത പാർട്ടി എങ്ങനെ ആളെ ഒപ്പിക്കും. നേതാവ് വിചാരിച്ചപ്പോൾ ഒ​റ്റ വഴിയേ കണ്ടുള്ളൂ. ടെക്സ്റ്റയിൽ ഷോപ്പിൽ പോയി വെള്ള മുണ്ടുംഷർട്ടും വാങ്ങി ഭായിമാർക്ക് നൽകി. ആളൊന്നിന് 450 രൂപയും ഓഫർ ചെയ്തു. ഒറ്റ നിബന്ധന മാത്രം പരിപാടി കഴിഞ്ഞ് തിരിച്ചുവരും വരെ ഒ​രക്ഷരം മിണ്ടരുത്. നേതാവ് ഹാപ്പി... ഭായിമാർ അതിലേറെ ഹാപ്പി. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികളിൽ പലരും അവിടെ വോട്ട് ചെയ്യാൻ പോകാറില്ല. നാട്ടിൽ പോയി തിരിച്ചു വരാനുള്ള ഭാരിച്ച ചെലവും നിലവിലുള്ള ജോലി കളഞ്ഞ് പോകാനുള്ള മടിയുമാണ് കാരണം. ചില പ്ലൈവുഡ് സ്ഥാപന ഉടമകളുമായി അന്യസംസ്ഥാനത്തു നിന്നുള്ള പാർട്ടി നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്നെത്തിയവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ചെലവടക്കം നൽകാമെന്ന വാഗ്ദാനം നൽകി കൊണ്ടുപോയ ചരിത്രവുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് പൂരത്തിൽ നാട്ടുകാർക്കൊപ്പം അണി ചേരുമ്പോൾ അവർക്ക് പറയാനുള്ളത് ഒന്നുമാത്രം. ഭൂക് കി സമസ്യ ഹെ... പൈസാ ഹി കുൻജീ ഹെ.. വിശപ്പാണ് പ്രശ്നം പണമാണ് മുഖ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL