SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

വേസ്റ്റല്ല പാഠങ്ങളൊന്നും, സിമിയുടെ ജീവിതത്തിനിപ്പോൾ ഉണ്ണിയപ്പ മധുരം

unniyapam

കൊച്ചി: നിയമം പഠിച്ചെങ്കിലും സിമി സ്റ്റീഫന്റെ മനസ് നിറയെ ഒരു ബിസിനസുകാരിയാവുക എന്ന സ്വപ്നമായിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ സ്വകാര്യ സ്ഥാപനത്തിലെ ചെറിയ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചത് ആ സ്വപ്നം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലും. എന്നാൽ,​ സ്വപ്നം ലാഭത്തിലാക്കാൻ പാലാ മേലുകാവുമറ്റം വെട്ടിക്കുഴിയിൽ കുടുംബാംഗം സജു ജോസിന്റെ ഭാര്യയായ സിമി താണ്ടിയ പാത കയ്പേറിയതായിരുന്നു. സംരംഭകത്വത്തിലേക്കുള്ള രണ്ട് കാൽവയ്പ്പുകൾ പിഴച്ചപ്പോൾ അമ്പതുകാരിക്ക് താങ്ങായത് കൈപ്പുണ്യമാണ്. ഇപ്പോൾ ജീവിതപ്രതിസന്ധികളോട് ഉണ്ണിയപ്പത്തിന്റെ മധുരംകൊണ്ട് പടവെട്ടുകയാണ് ഈ സംരംഭക.

ചുവട് പിഴച്ചപ്പോൾ

ചൈനീസ് കമ്പനിയുടെ മൊബൈൽ ഫോൺ വിതരണമാണ് സിമി ആദ്യം ഏറ്റെടുത്തത്. പക്ഷേ, പരാജയമായിരുന്നു ഫലം. തുടർന്ന് പേപ്പർ, ക്ലോത്ത് ബാഗ് യൂണിറ്റ് വിപുലമായി ആരംഭിച്ചെങ്കിലും കൊവിഡ് ലോക്‌ഡൗണിനെ തുടർന്ന് മാസങ്ങൾക്കകം പൂട്ടേണ്ടിവന്നു. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിൽക്കേണ്ടി വന്നതോടെ പ്രതിസന്ധിയിലായി. സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണകേന്ദ്രങ്ങളിലെത്തിക്കുന്ന സേവനം ചെയ്തു. എങ്കിലും തിരിച്ചുവരണമെന്ന് തന്നെയായിരുന്നു ഉള്ളിൽ. ലോണെടുത്ത് സംരംഭം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും സിബിൽ സ്കോറിന്റെ പ്രശ്നം കാരണം ബാങ്കുകൾ കൈയൊഴിഞ്ഞു. തളർന്നിരിക്കാൻ സിമി തയ്യാറില്ല. അധികം പണം ആവശ്യമില്ലാത്ത സംരംഭങ്ങൾ എന്തൊക്കെ എന്നായി അന്വേഷണം.

വഴികാട്ടിയായി മക്കൾ

മക്കളായ ആരൺ, ക്രിസ്, ഓഷിൻ എന്നിവർ അമ്മയുണ്ടാക്കുന്ന കട്‌ലറ്റിന്റെ ആരാധകരായിരുന്നു. അതിൽ നിന്നാണ് തന്റെ കൈപ്പുണ്യം തന്നെ വിറ്റാലോ എന്ന ആശയം വന്നത്. അങ്ങനെ കട്‌ലറ്റുണ്ടാക്കി കടകളിൽ നൽകിത്തുടങ്ങി. ഇതിനിടെ ഭർത്താവ് പലഹാരങ്ങളുടെ പൈതൃകരീതികളെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി. ഉണ്ണിയപ്പം, നെയ്യപ്പം, ഉണ്ണിമധുരം എന്നിവയുടെ യഥാർത്ഥ കൂട്ടുകൾ മനസിലാക്കി ഉണ്ടാക്കിത്തുടങ്ങി.വിപണി കണ്ടെത്താനായി സിമി തന്റെ സ്കൂട്ടറിൽ "ഉണ്ണിയപ്പം" എന്ന ബോർഡുംവച്ച് ദിനവും കിലോമീറ്ററുകൾ സഞ്ചരിച്ചു. തോപ്പുംപടി, വൈപ്പിൻ മീൻപിടിത്ത ഹാർബറുകളിലും വല്ലാർപാടത്തും തോൾസഞ്ചിയുമായി അലഞ്ഞു. രുചിയുടെ കാര്യത്തിൽ സിമിക്ക് അവരുടെയെല്ലാം പ്രീതിനേടാനായി. ഓർഡറുകൾ കിട്ടിത്തുടങ്ങിയതോടെ അവലോസുണ്ടയടക്കം കൂടുതൽ വിഭവങ്ങളുമായി തൃപ്പൂണിത്തുറയിൽ എസ്.എസ് ഫുഡ്സ് എന്ന സ്ഥാപനവും തുറന്നു. സ്വന്തം ബ്രാൻഡായ പലഹാരങ്ങൾക്ക് മേൽവിലാസമുണ്ടാക്കാൻ കൊച്ചിയിലാണ് താമസം.

മാലിന്യം ശേഖരിച്ചിരുന്ന കാലത്ത് എല്ലാവരുടെയും ഫോണിൽ സിമിയുടെ നമ്പർ "വേസ്റ്റ് സിമി" എന്നാണ് തെളിഞ്ഞിരുന്നത്. ഇന്ന് ഉണ്ണിയപ്പം എന്നും.

മൂന്നര രൂപയ്ക്ക് ഉണ്ണിയപ്പം

കുതിർത്ത അരിഅരച്ച് ശർക്കര ചേർത്ത് 7മണിക്കൂർ വയ്ക്കും. മാവ് പൊങ്ങുമ്പോൾ സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് എണ്ണയിൽ ചുട്ടെടുക്കും. ഉണ്ണിയപ്പം ഒന്നിന് മൂന്നരരൂപയാണ് ഹോൾസെയിൽ വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL