SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

മുൾമുനയി​ൽ കോതമംഗലം ...

kothamangalam
കോതമംഗലം

കോതമംഗലം: എൽ.ഡി.എഫ് - യു.ഡി.എഫ് തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിൽ കോതമംഗലം. തിരഞ്ഞെടുപ്പ് ദിവസത്തോട് അടുക്കുന്തോറും മണ്ഡലം മത്സരച്ചൂടിൽ പുകയുകയാണ്.

അപ്രതീക്ഷിതമായി പിടിച്ചെടുത്ത, യു.ഡി.എഫ് കോട്ടയായ മണ്ഡലത്തിൽ മൂന്നാമൂഴത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ മുന്നേ പായുമ്പോൾ കഴിഞ്ഞ തവണ നേരിട്ട ഷിബു തെക്കുംപുറം വാശിയോടെ രംഗത്തുണ്ട്. ബി.ഡി.ജെ.എസിന്റെ അജി നാരായണൻ ഇരുവർക്കും ഉയർത്തുന്ന വെല്ലുവിളി വേറെയും.

2016ൽ ആന്റണി ജോൺ പരാജയപ്പെടുത്തിയത് കേരളാ കോൺഗ്രസിലെ അതികായൻ ടി.യു. കുരുവിളയെയാണ്.

പത്തു വർഷത്തെ പ്രവർത്തന മികവാണ് ആന്റണി ജോണിന്റെ മുഖ്യപ്രചാരണായുധം. സമാനതകളില്ലാത്ത വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് ആന്റണി ജോൺ പറയുന്നു. എങ്ങനെയും മണ്ഡലം നിലനിറുത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതോടെ മറ്റ് രണ്ടു മുന്നണികളും അരയും തലയും മുറുക്കി രംഗത്തുണ്ട്.

പത്ത് വർഷമായി കോതമംഗലത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫ് ആരോപണം. യുഡിഎഫ് തുടങ്ങിവച്ച സ്വപ്ന പദ്ധതികളായ തങ്കളം -കാക്കനാട് നാലുവരിപ്പാത, ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി, ചേലാട് സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവക്കായി ചെറുവിരലനക്കിയില്ല. വന്യമൃഗശല്യം അഞ്ച് പഞ്ചായത്തുകളുടെ ഉറക്കം കെടുത്തിയിട്ടും എം.എൽ.എ കാഴ്ചക്കാരനായി. അങ്ങനെ ആരോപണങ്ങളുടെ പരമ്പരയാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. 2021ൽ ട്വന്റി20യിലൂടെ നഷ്ടമായ വോട്ടുകൾ ഇക്കുറി തിരിച്ചുവരുമെന്നാണ് ഷിബു തെക്കുംപുറത്തിന്റെ പ്രതീക്ഷ.

മോഡി സർക്കാരിന്റെ വികസന പദ്ധതികൾ കോതമംഗലത്തേക്കും കൊണ്ടുവരുമെന്നാണ് എൻ.ഡി.എ വാഗ്ദാനം. വിജയിച്ചാൽ കോതമംഗലത്ത് വികസന കുതിപ്പ് ഉണ്ടാകുമെന്നും അജി നാരായണൻ ഉറപ്പു നൽകുന്നു. 2021ൽ കോതമംഗലത്ത് തകർന്നടിഞ്ഞ മുന്നണിയുടെ ശക്തി തെളിയിക്കലാണ് ബി.ഡി.ജെ.എസിന്റെ ദൗത്യം.

തദ്ദേശ മേൽക്കൈയിൽ യു.ഡി.എഫ്

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫിനാണ് മേൽക്കൈ. 2021ൽ നാല് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എൽ.ഡി.എഫിനായിരുന്നു ഭരണം. രണ്ട് ജില്ലാ ഡിവിഷനും എൽ.ഡി.എഫിന് ഒപ്പമായിരുന്നു.

കോതമംഗലം 2021

ആന്റണി ജോൺ - സി​.പി​.എം : 64234

 ഷി​ബു തെക്കുംപുറം - കേരള കോൺ​. : 57629

ഡോ.ജോ ജോസഫ് - ട്വന്റി​20 : 7978

 ഷൈൻ കെ. കൃഷ്ണൻ - ബി​.ഡി​.ജെ.എസ് : 4638

ഭൂരി​പക്ഷം 2021 : 6605

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL