SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.52 PM IST

കൂടുന്നു, 'പബ്ലിക് " കുടിയും വലിയും

smoking

കൊച്ചി: ജില്ലയിൽ പൊതുഇടങ്ങളിൽ മദ്യപാനവും പുകവലിയും വർദ്ധിക്കുന്നു. പ്രതിദിനം രജിസ്റ്റർ ചെയ്യുന്ന കേസുകളാണ് ഇത് അടിവരയിടുന്നത്. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ പ്രതിദിനം അഞ്ചിലേറെ കേസുകളാണ് പരസ്യ മദ്യപാനത്തിന് മാത്രം രജിസ്റ്റർ ചെയ്യുന്നത്. റൂറൽ മേഖലകളിൽ ഇത് പത്തിന് അടുത്താണ്.

ആളൊഴിഞ്ഞ ഇടവഴികൾ, ബസ് സ്റ്റാൻഡ് പരിസരം, പാലങ്ങളുടെ അടിവശം തുടങ്ങിയ സ്ഥലങ്ങളാണ് മദ്യപസംഘങ്ങൾ താവളമാക്കുന്നത്. ഇത് വഴിയാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും വലിയ ഭീഷണിയാകുന്നുണ്ട്. അർദ്ധരാത്രികളിൽ ആളൊഴിഞ്ഞ കോണുകളിൽ തമ്പടിക്കുന്ന ഇത്തരം സംഘങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് പൊലീസിന് തലവേദനയാകുന്നു.

ഈ മാസം 17ന് കലൂരി​ൽ യുവതികളെ പിന്തുടർന്ന് ശല്യം ചെയ്ത ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകുറ്റിയിൽ വീട്ടിൽ ജസ്റ്റിൻ കുര്യൻ (28),​ കസ്റ്റഡിയിലെടുക്കാനെത്തിയ ഫോർട്ടുകൊച്ചി ഇൻസ്‌പെക്ടർ കെ.സി. രതീഷിന്റെ കൈപ്പത്തിയിൽ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം.

എറണാകുളം സെൻട്രൽ, നോർത്ത്, സൗത്ത് തുടങ്ങിയ കൊച്ചി സിറ്റിയിലെ പ്രധാന പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന അടിപിടി, കുത്ത്, പിടിച്ചുപറി കേസുകൾക്ക് പ്രധാന കാരണം മദ്യപിച്ചുള്ള തർക്കവും മറ്റുമാണ്. വൈകുന്നേരങ്ങളിലും അർദ്ധരാത്രികളിലും സജീവമാകുന്ന കഫേകളും തട്ടുകടകളുമാണ് പുകവലിക്കാരുടെ പ്രധാന കേന്ദ്രങ്ങൾ. ഇത്തരം കടകൾക്ക് മുന്നിൽ കൂട്ടംകൂടി നിന്ന് പുകവലിക്കുന്നത് മറ്റ് ഉപഭോക്താക്കൾക്കും സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

സ്‌കൂളുകളുടെ 100 വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്. ലഹരി സംഘങ്ങൾക്കെതിരെ പൊലീസിന്റെ പ്രത്യേക പട്രോളിംഗും ഷാഡോ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം.

പിഴ 5000 രൂപ

കേരള അബ്കാരി ആക്ട് വകുപ്പ് 15 സി പ്രകാരം പൊതുഇടങ്ങളിൽ മദ്യപിച്ചാൽ 5000 രൂപയാണ് ശിക്ഷ. ലഹരി ഉപയോഗിച്ചവർ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷകൂടും. എന്നാൽ പല കേസുകളിലും സ്ഥലത്ത് വച്ച് ഫൈൻ അടപ്പിച്ച് വിടുകയാണ് ചെയ്യുന്നത്.

വർഷം - കേസുകൾ

2020- 6569
2021- 11952
2022-40396
2023-73449
2024-81754
2025-98088
2026-25363
(അബ്കാരി കേസുകൾ - സംസ്ഥാന തലം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL