നെടുമ്പാശേരി: ചെങ്ങമനാട് - ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊവ്വര - നെടുവന്നൂർ പാലം നിർമ്മാണം ഇഴയുന്നു. ഒരുവർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം എട്ടുമാസമായി നിലച്ചിരിക്കുകയാണ്. പാലത്തിന് അടിയിലൂടെയുള്ള വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ താത്കാലിക പാലത്തിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ഫണ്ട് അനുവദിച്ച സിയാലും നിർമ്മാണ ഏജൻസിയായ റൈറ്റ്സും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും ഇതുവരെ നിർമ്മാണം പുനരാരംഭിക്കാനായിട്ടില്ല. ഗർഡറുകൾ സ്ഥാപിച്ച ശേഷമെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാനാകു. ഇതിന് അധിക തുക കണ്ടെത്തുകയെന്നതാണ് പ്രതിസന്ധി. പണം അടച്ചാൽ കാലതാമസമില്ലാതെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടിയും അറിയിച്ചിട്ടുണ്ട്. സിയാൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നെടുവന്നൂർ പാലത്തിന് പുറമെ മഠത്തിമൂല പാലം, പുളിയാമ്പിള്ളി - കാഞ്ഞൂർ പാലം എന്നിവയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ സെപ്തംബറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് നിർവഹിച്ചത്.
നീളം 24 മീറ്റർ
വീതി 9 മീറ്റർ
അനുവദിച്ച തുക 9 കോടി രൂപ
നിർമ്മാണം പുനരാരംഭിക്കണം
പാലത്തിന്റെ ഭൂമി ഏറ്റെടുക്കലും റോഡ് വികസനവും അടിയന്തരമായി നടപ്പാക്കണമെന്ന് ചൊവ്വര-നെടുവന്നൂർ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പദ്ധതി നീളാൻ കാരണം. അപ്രോച്ച് റോഡിലെ വളവ് നിവർത്തുന്നതിനായി പ്രദേശവാസി സൗജന്യമായി ഭൂമി വിട്ടു നൽകാമെന്നറിയിച്ചിട്ടും ഏറ്റെടുത്തിട്ടില്ല. പാലത്തിന് ഒമ്പത് മീറ്റർ വീതിയുണ്ടെങ്കിലും അപ്രോച്ച് റോഡ് ഇടുങ്ങിയതാണ്. ആവശ്യമായ ഭൂമി കൂടി ഏറ്റെടുത്ത് അപ്രോച്ച് റോഡിന്റെ വീതി കൂട്ടണം.
വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകൾ മാറ്റി പാലം നിർമ്മാണം പുനരാരംഭിക്കാൻ സാഹചര്യം ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. താത്കാലിക പാലത്തിനും റോഡിനുമായി40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കഴിഞ്ഞു. മണ്ണ് അടിച്ച ബിൽ തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്.
കെ.വി. അനിൽകുമാർ
കരാറുകാരൻ
അലൈൻമെന്റ് മാറ്റണമെന്നും ആവശ്യം.
നിർമ്മാണം അനിശ്ചിതാവസ്ഥയിലായപ്പോൾ പല തരത്തിലുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. റോഡിന്റെ വളവ് നിവർത്താൻ അലൈന്റ്മെന്റ് മാറ്റണമെന്ന് ചിലർ ആവശ്യപ്പെടുന്നു. അലൈൻമെന്റ് മാറ്റണമെങ്കിൽ ഗ്രാമപഞ്ചായത്തുകളും പൊതുമരാമത്തു വകുപ്പും നടപടിയെടുക്കണം. പാലം നിർമാണത്തിന് മാത്രമാണ് സിയാൽ പണം അനുവദിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |