ആധാരം എഴുത്തുകാരാകാൻ കടുത്ത മത്സരം
കൊച്ചി: 'തലമുതിർന്ന" പുരുഷകേസരികൾ കൈയടക്കിവെച്ച ആധാരമെഴുത്ത് മേഖലയിലേക്ക് ഇനി വനിതകളുടെയും യുവാക്കളുടെയും വൻപട. സെപ്തംബർ 11ന് നടക്കാനിരിക്കുന്ന രജിസ്‌ട്രേഷൻ വകുപ്പിന്റെ ലൈസൻസ് പരീക്ഷയ്ക്ക് മുന്നോടിയായി ഇന്നലെ ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന പരീക്ഷയാണ് ഈ രംഗത്തെ വലിയ മാറ്റത്തിന്റെ സൂചന നൽകിയത്. പെരുമ്പാവൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് നടന്ന പരീക്ഷ 150 പേർ എഴുതി. ഭൂരിഭാഗവും സ്ത്രീകളും ചെറുപ്പക്കാരുമായിരുന്നു
കുടുംബത്തിലെ പിൻഗാമികളായി മാത്രം ആളുകൾ എത്തിയിരുന്ന ഈ മേഖലയിലേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഒരു കാലത്ത് സ്ത്രീകൾ തീരെയില്ലാതിരുന്ന രംഗമാണിത്. ഭേദപ്പെട്ടവരുമാനവും ജോലി സാദ്ധ്യതയുമാണ് യുവാക്കളെ, പ്രത്യേകിച്ച് സ്ത്രീകളെ ഈ മേഖലയിലേക്ക് അടുപ്പിക്കുന്നത്. കടുത്ത പരീക്ഷയായതിനാൽ തന്നെ മികച്ച തയ്യാറെടുപ്പാണ് ഉദ്യോഗാർത്ഥികൾ നടത്തുന്നത്. ആകെ 200 മാർക്കിനാണ് പരീക്ഷ. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ആദ്യ ഒന്നര മണിക്കൂർ ഒബ്‌ജക്ടീവ് ചോദ്യങ്ങളാണ്.
ശേഷിക്കുന്ന സമയത്തിൽ ചോദ്യത്തിന് അനുസരിച്ച് ആധാരങ്ങളുടെ മാതൃക തത്സമയം തയ്യാറാക്കണം. രജിസ്‌ട്രേഷൻ ആക്ട് മുതൽ ആധാരം തയ്യാറാക്കുന്നതടക്കം സമഗ്രമായി പഠിച്ചാൽ മാത്രമേ പരീക്ഷ പാസാകൂ. ആഗസ്റ്റ് 1 മുതൽ അസോസിയേഷൻ സൗജന്യമായി ഓൺലൈൻ ക്ലാസുകളും നൽകിവരുന്നുണ്ട്. റിട്ട. സബ് രജിസ്ട്രാർ പി.ജി. ശിവൻ, അസോസിയേഷൻ ഉപദേശകസമിതി ചെയർമാൻ കെ.ജി. ഇന്ദുകലാധരൻ എന്നിവരാണ് ആശാന്മാർ.
നിലവിൽ ജില്ലയിൽ 200 ആധാരം എഴുത്തുകാരുണ്ട്. 2017ലാണ് ഒടുവിൽ രജിസ്ട്രേഷൻ വകുപ്പ് ലൈസൻസി പരീക്ഷ നടത്തിയത്. കൂടുതൽ പെൺകരുത്തും യുവരക്തവും ഈ രംഗത്തേക്ക് എത്തുന്നതോടെ ആധാരം എഴുത്ത് രംഗത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ആധാരം എഴുത്ത് മേഖലയിലേക്ക് സ്ത്രീകളും യുവാക്കളും കടന്നുവരുന്നത് ഏറെ ഗുണം ചെയ്യും.
കെ.എസ്. സുരേഷ് കുമാർ
ജില്ലാ സെക്രട്ടറി
എ.കെ.ഡി.ഡബ്ല്യു
ആൻഡ് എസ്.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |