
കൊച്ചി: എറണാകുളം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ 7.850 കിലോ കഞ്ചാവും ഗോവയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 9 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ 3.30ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനത്ത് നിന്നെത്തിയ ട്രെയിൻ പ്ലാറ്റ്ഫോം വിട്ടതിന് പിന്നാലെയായിരുന്നു സംയുക്ത പരിശോധന. പ്ലാറ്റ്ഫോമിലെ നടപ്പാലത്തിന് സമീപം കോൺക്രീറ്റ് ഇരിപ്പിടത്തിന് സമീപം ഷോൾഡർ ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് കടത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല.
പ്ലാറ്റ്ഫോമിലെ പരിശോധന കണ്ട് ഉപേക്ഷിച്ച് കടന്നതാണെന്ന് കരുതുന്നു. വ്യാഴാഴ്ച സൗത്ത് സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 3.665 കിലോ കഞ്ചാവുമായി എറണാകുളം കാരിക്കാമുറി ചാവറ പള്ളിക്ക് സമീപം കളപ്പറമ്പത്ത് വീട്ടിൽ നിതിൻ തദേവിയൂസിനെ (19) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ ലിഫ്റ്റിന് സമീപത്ത് നിന്നാണ് ഒൻപത് ലിറ്റർ വിദേശമദ്യം ഒളിപ്പിച്ച കാർഡ് ബോർഡ് പെട്ടിയുമായി ബിഹാർ സ്വദേശി വിരാട്ട് കുമാറിനെ (21) പിടികൂടിയത്. റെയിൽവേ എസ്.ഐ ജി.സുനിൽ, എ.എസ്.ഐ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |