മട്ടാഞ്ചേരി: ലഹരിക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 305 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മട്ടാഞ്ചേരി പനയപ്പിള്ളി മാലാംപറമ്പ് പള്ളിക്ക് സമീപം അഞ്ചര മുറി പറമ്പ് വീട്ടിൽ എ.എസ്. ഷിഫാസിനെ (28) ആണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എറണാകുളം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ രാസലഹരി വില്പനയിലൂടെ ലഭിച്ച 2.90 ലക്ഷം രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു.
മട്ടാഞ്ചേരിയിലെ വാടക ഫ്ലാറ്റ് കേന്ദ്രീകരിച്ച് രഹസ്യമായി ലഹരി വില്പന നടത്തിവന്ന ഇയാളെ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ഐ.ടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചു. സംഭവത്തിൽ ശക്തമായ തുടർനടപടികളുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എൻ. ബാബു, ഗ്രേഡ് ഇൻസ്പെക്ടർ ടി.എൻ. അജയകുമാർ, അസി. ഇൻസ്പെക്ടർ ഉദയകുമാർ, പ്രിവന്റീവ് ഓഫീസർ റൂബൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു തോമസ്, വി. ശ്രീദേവ്, എസ്. മനീഷ്, കെ.എം. മോൻ, ശാലു, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |