SignIn
Kerala Kaumudi Online
Friday, 18 September 2026 1.55 AM IST

അന്യസംസ്ഥാനക്കാരെ കത്തിമുനയിൽ നിറുത്തി കവ‌‌ർച്ച: സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്നു

police

കൊച്ചി: അന്യസംസ്ഥാന യുവതികളും പുരുഷൻമാരും ഉൾപ്പെട്ട ഏഴംഗസംഘത്തെ വാടക വീട്ടിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്നു. മോഷണം ചെറുക്കാൻ ശ്രമിച്ച സ്ത്രീകളെ വിവസ്ത്രരാക്കിയാണ് ആഭരണങ്ങൾ തട്ടിയെടുത്തത്. പുരുഷൻമാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 1.80 ലക്ഷം രൂപയുടെ ആഭരണങ്ങളും 3.50 ലക്ഷം രൂപയുടെ 10 മൊബൈൽ ഫോണുകളും 1.20 ലക്ഷം രൂപയുമായി കടന്ന അക്രമികളെ കണ്ടെത്താൻ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.


പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപം കൈതോത്ത് ലെയിനിലെ ചന്ദ്രമതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസാം നാഗോൺ സ്വദേശി ഫിസ്ദുൾ ഹഖ് (27), പശ്ചിമബംഗാൾ ഉത്തര ദിനാജ്പൂര് സ്വദേശികളായ രാജാ ബാബു (26), അർമാൻ അലി (23), ഇന്തസാർ (25), സ്ത്രീകളായ പശ്ചിമബംഗാൾ മാൽഡ സ്വദേശി തമ്മന്ന (23), നാദിയ സ്വദേശി സോമ കർമാക്കർ (24), അസാം മോറിഗാവോൺ സ്വദേശി നൂറുൽ നെഹാർ (30) എന്നിവരെയാണ് കവർച്ച ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ 12.30നാണ് അഞ്ച് പേരടങ്ങുന്ന അക്രമികൾ ഇവിടെയെത്തിയത്. ശബ്ദം പുറത്ത് കേൾക്കാതിരിക്കാനും സംഭവം പുറത്തറിയാതിരിക്കാനും വാതിലുകൾ അകത്ത് നിന്ന് പൂട്ടുകയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയും ചെയ്തു. തുടർന്ന് പേഴ്സുകളിലുണ്ടായിരുന്ന 1.2 ലക്ഷം രൂപയും എ.ടി.എം കാർഡുകളും തിരിച്ചറിയൽ കാ‌ർഡുകളും കവർന്നു. അർമാൻ അലിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യു.പി.ഐ വഴി രണ്ട് തവണയായി 12000 രൂപ കവർച്ചാ സംഘത്തിൽപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് വാങ്ങിയെടുത്തു.

നൂറുൽ നെഹറിന്റെ ഒരു പവന്റെ സ്വർണമാലയും തമ്മന്നയുടെ നാല് ഗ്രാം സ്വ‌ർണക്കമ്മലുകളും കവ‌ർന്ന ശേഷമാണ് സംഘം കടന്നത്. കവ‌ർച്ച ചെറുക്കാനുള്ള ശ്രമത്തിനിടെ തമ്മന്നയ്ക്ക് മുഖത്തടിയേറ്റു. മോഷണ സംഘം വന്നതും പോയതും ഓൺലൈൻ ടാക്സി കാറുകളിലാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി ടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തമല്ല. പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും ഇയാൾ മുൻകാല കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു.

താമസക്കാരും സംശയനിഴലിൽ

രണ്ട് മാസം മുമ്പാണ് ഏഴംഗം സംഘം വാടകവീട്ടിൽ താമസം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിലെ ജീവനക്കാരും ഹോട്ടൽ തൊഴിലാളിയും ഉൾപ്പെടും. താമസക്കാരായ യുവതികളും പുരുഷൻമാരും തമ്മിലുള്ള ബന്ധം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അക്രമികളും താമസക്കാരും തമ്മിൽ മുൻപരിചയമുള്ളതായും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കവ‌ർച്ചയ്ക്ക് പിന്നിലെന്നും കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, KOCHI, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY