പിറവം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ, കക്കാട് കോതുകുന്നത്ത് അരുൺ പ്രകാശ് (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 70 ശതമാനം പൊള്ളലുണ്ട്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ജിഷ്ണുവിനെയും (31) പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജിഷ്ണുവിന്റെ അമ്മായിയെ അരുൺ ഫോണിൽ അസഭ്യം പറഞ്ഞെന്ന പേരിലായിരുന്നു അക്രമം. പിറവം സ്നേഹഭവൻ റോഡിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കൊച്ചുപള്ളിക്ക് സമീപം അരുണും സുഹൃത്ത് പ്രഫുലുമായി സംസാരിച്ചു നിൽക്കുമ്പോൾ അക്രമി സംഘമെത്തി വിളിച്ചുമാറ്റി നിറുത്തി. തുടർന്ന് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ അരുണിന്റെ ദേഹത്തൊഴിച്ച് ലൈറ്റർ കത്തിച്ച് ഇടുകയായിരുന്നു.
ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ചന്ദ്രനു ചന്ദ്രൻ (34), സാൽബറിൻ (32) സി.ജി ദേവ് (36) എന്നിവരെ പിറവം പൊലീസ് അറസ്റ്റു ചെയ്തു. സൗദി അറേബ്യയിൽ ജോലിയുള്ള ഭാര്യയ്ക്കൊപ്പം കഴിയുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച ജിഷ്ണുവിനെ അരുൺ ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മായിയോട് അരുൺ മോശമായി സംസാരിച്ചതാണ് അക്രമത്തിന് പ്രകോപനം. ഇവർ എല്ലാവരും അരുണിന്റെ സമീപവാസികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |