
കൊച്ചി: കൊച്ചിയിൽ അപരിചിതനായ യുവാവിന്റെ മർദ്ദനമേറ്റ് 19കാരന്റെ താടിയെല്ല് തകർന്നു. താഴത്തെ നിരയിലെ പല്ലും ഇളകി. ഗുരുതരമായി പരിക്കേറ്റ ബി.കോം രണ്ടാംവർഷ വിദ്യാർത്ഥിയായ പുതുവൈപ്പ് സ്വദേശി രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം നാലിന് പുലർച്ചെ മൂന്നോടെ വില്ലിംഗ്ടൺ ഐലൻഡിലായിരുന്നു സംഭവം.
ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കണ്ട് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചായ കുടിക്കാനായി ഐലൻഡിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയ്ക്ക് സമീപം ബൈക്ക് നിറുത്തി. ഈ സമയം അവിടെയുണ്ടായിരുന്ന നാലംഗ സംഘത്തിൽ ഒരാൾ 19കാരനോട് ഒരിടം വരെ പോകാൻ ബൈക്കും കുറച്ച് പണവും ആവശ്യപ്പെട്ടു. മുൻപരിചയമില്ലാത്തതിനാൽ നൽകാൻ തയ്യാറായില്ല.
ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് 19കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവരാണ് 19കാരനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് അറിയിപ്പ് ലഭിച്ച് പൊലീസ് എത്തിയെങ്കിലും 19കാരന് സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ മൊഴിയെടുത്ത് കേസെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ഇന്നലെ ചായക്കടയിൽ നിന്ന് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതി പിടിയിലാകുന്നതോടെ യഥാർത്ഥ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
പൊലീസിനും സംശയം
പ്രതികളെ മുൻപരിചയമോ വ്യക്തിബന്ധമോ ഇല്ലെന്നാണ് 19കാരന്റെ മൊഴി. എന്നാൽ, ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മുൻപരിചയമില്ലാത്ത യുവാവ് ബൈക്കും പണവും ആവശ്യപ്പെടുന്നതും മർദ്ദനമേൽക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തോ പ്രതിക്കൊപ്പമുണ്ടായിരുന്നവരോ ഇടപെടാതിരുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |