
ആലുവ: പൊലീസ് ജീപ്പ് കണ്ട് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനെ 9 മണിക്കൂറിന്ശേഷം രക്ഷപ്പെടുത്തി. പുത്തൻവേലിക്കര സ്വദേശി ഉണ്ണി (40)യെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ പുഴയിലേക്ക് ചാടിയ യുവാവിനെ 11.30ഓടെയാണ് കരയിലേക്ക് കയറ്റിയത്. മാർത്താണ്ഡ വർമ്മ പാലത്തിലൂടെ നടക്കുമ്പോൾ പൊലീസ് ജീപ്പ് കണ്ട് പുഴയിലേക്ക് ചാടിയെന്നാണ് ഇയാൾ രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരോട് വെളിപ്പെടുത്തിയത്. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പുഴയിലേക്ക് ചാടിയ യുവാവ് 150 മീറ്ററോളം നീന്തി തോട്ടക്കാട്ടുകര ഹാപ്പിലൈൻ ഭാഗത്തെത്തിയെങ്കിലും കരയിലേക്ക് കയറിയില്ല. ചതുപ്പിലെ വള്ളിപ്പടർപ്പുകളിൽ തൂങ്ങിക്കിടന്നത് 11 മണിയോടെ സമീപവാസി മാമ്പിള്ളി ആന്റണിയാണ് ആദ്യം കണ്ടത്. തുടർന്ന് നഗരസഭാ കൗൺസിലർ പി.ആർ. രാജേഷും സ്ഥലത്തെത്തി.
പൊലീസ് അന്യായമായി തന്നെ ജയിലിൽ അടച്ചെന്നും കോടതിയിൽ നിന്നും ജഡ്ജി വന്നാലെ കരയിലേക്ക് കയറൂവെന്നും യുവാവ് കൗൺസിലറോട് വെളിപ്പെടുത്തി. ഇതേത്തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. 11.30ഓടെയാണ് യുവാവിനെ കരയിലേക്ക് കയറ്റിയത്. പൂർണ നഗ്നനായിരുന്ന യുവാവ് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പുഴയിലേക്ക് ചാടിയെന്ന് പറയുന്നയാൾ എങ്ങനെ പൂർണ നഗ്നനായെന്നാണ് പൊലീസ് ചോദിക്കുന്നത്. പുഴയിലേക്ക് ചാടുന്നതിനിടയിൽ പരിക്കേറ്റ ഇയാളെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |