SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

ഓൺലൈൻ തട്ടിപ്പ് വ്യാപകം: കൈമാറരുത്,​ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

online

ആലുവ: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് മറ്റാരായും ചുമതലപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. സൈബർ കുറ്റവാളികൾ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാൻ ഇത്തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്നും യുവാക്കളും വിദ്യാർത്ഥികളും സാധാരണക്കാരുമാണ് ഇത്തരം തട്ടിപ്പിനിരയാകുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

വലിയ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. ആഴ്ചതോറും ഒരു നിശ്ചിത തുക തരാമെന്നും അല്ലെങ്കിൽ അക്കൗണ്ടിൽ വരുന്ന തുകയ്ക്ക് കമ്മീഷൻ നൽകാമെന്നുമാണ് വാഗ്ദാനം. പ്രലോഭനത്തിൽ വീഴുന്നവർ തങ്ങളുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് കൈമാറുന്നു. ഇത്തരം അക്കൗണ്ടുകളുടെ പൂർണനിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. സൈബർ തട്ടിപ്പിനിരയായവർ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിക്കുമ്പോഴാണ് അക്കൗണ്ട് എടുത്തു നൽകിയവർ സംഭവം അറിയുന്നത്.

ചെറിയ കാലയളവിൽ തങ്ങളുടെ അക്കൗണ്ടിലൂടെ വലിയ തുകയുടെ ഇടപാടായിരിക്കും നടന്നിട്ടുണ്ടാവുക. തുടർന്ന് അക്കൗണ്ടുടമയും കേസിൽപ്പെടും. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടിലൂടെ സ്വീകരിക്കുകയോ പാടില്ല. സ്വന്തം അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.
മറ്റൊരാളുടെ അനധികൃത പണമോ തട്ടിപ്പ് പണമോ സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അക്കൗണ്ടാണ് മ്യൂൾ അക്കൗണ്ട്. ഇത്തരം അക്കൗണ്ട് ഉടമകളാതിരിക്കാൻ ശ്രദ്ധിക്കണം. അക്കൗണ്ടുകളിലൂടെ നടക്കുന്ന ഇടപാടുകളുടെ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്കായിരിക്കും. ഇത്തരം തട്ടിപ്പ് വാഗ്ദാനങ്ങളുമായെത്തുന്നവരുടെ വിവരങ്ങൾ പൊലീസിനെയോ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL